rajan

തൃശൂർ: ജോലിയില്ല, വീടുപണിക്ക് എടുത്ത വായ്പ അടയ്ക്കാനാവുന്നില്ല, രണ്ട് ബെഡ് റൂമുകളുള്ള വീടെന്ന സ്വപ്നം ബാക്കി... കാലിന് സ്വാധീനക്കുറവുള്ള കോളങ്ങാട്ടുകര കാഞ്ഞുവളപ്പിൽ കെ.ആർ രാജൻ നിറകണ്ണുകളോടെ വേദനകൾ മന്ത്രിയോടറിയിച്ചു. പരാതി കേട്ട കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ, രാജന് മെഡിക്കൽ കോളേജിൽ കോഫി കിയോസ്‌ക് അനുവദിക്കാനുള്ള തുടർ നടപടികൾക്കായി ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയെ ചുമതപ്പെടുത്തി. കാലതാമസമില്ലാതെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ലഭിക്കുമെന്ന മന്ത്രിയുടെ ആശ്വാസവാക്ക് തന്നെ രാജന് ജീവിത പ്രതിസന്ധിക്കിടയിലും വലിയ ആശ്വാസമായി. ടൂറിസം വകുപ്പും ലയൻസ് ക്ലബും സംയുക്തമായി നടത്തുന്ന മെഡിക്കൽ കോളേജ് കോഫി കിയോസ്‌ക്കിലാണ് രാജൻ ജോലി ചെയ്തിരുന്നത്. സഹായത്തിനായി ഭാര്യ ഷീബയും കൂടെയുണ്ടായിരുന്നു. പത്ത് ശതമാനം ലാഭമാണ് കിയോസ്‌ക്ക് നടത്തി രാജന് കിട്ടിക്കൊണ്ടിരുന്നത്. 2016 മുതൽ ഗവ. മെഡിക്കൽ കോളേജിൽ കോഫി കിയോസ്‌ക്ക് നടത്തി വരികയായിരുന്ന രാജന് കാലാവധി കഴിഞ്ഞെന്ന കാരണത്താൽ ജോലി നിറുത്തി വെയ്‌ക്കേണ്ടി വന്നു. വീടിന്റെ ലോൺ തുകയായ അഞ്ച് ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ജോലിയില്ലാതായ രാജൻ നട്ടം തിരിയുകയാണിപ്പോൾ. രണ്ട് മക്കളും ഭാര്യയുമുണ്ട്. കടബാദ്ധ്യതയിൽ നിന്നും കരകയറ്റാൻ രാജന്റെ മകൻ ഹോട്ടലിൽ ജോലിക്ക് പോകുന്നുണ്ട്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ മകനും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ്.

തളരാതെ ബുഷറ...

വർഷങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നതാണ്, പ്രസവാനന്തരം ഇഞ്ചക്ഷൻ മാറി നൽകി തളർന്നുപോയ ബുഷറയുടെ ജീവിതം. 17 വർഷമായി കിടപ്പ് രോഗിയായ താന്ന്യം സ്വദേശിനി ബുഷറയ്ക്കും ഭർത്താവ് ജമാലുദ്ദീനും കൃഷിമന്ത്രി വി.എസ് സുനിൽകുമാർ മുഖേന ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത് 25,000 രൂപയാണ്. രണ്ട് മക്കളാണിവർക്ക്. പ്രസവം നിറുത്താനുള്ള ഓപറേഷനിടെയാണ് ഇഞ്ചക്‌ഷനുള്ള മരുന്ന് മാറി നൽകി തലയിൽ രക്തം കട്ടപിടിച്ചത്. ഇതോടെ ബുഷറയുടെ ശരീരം പൂർണമായും തളർന്ന് കിടപ്പിലായി. കൂലിപ്പണിക്കാരനായ ജമാലുദ്ദീൻ തന്റെ മക്കളെയും കൊണ്ട് കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. ചികിത്സയ്ക്കും മറ്റുമായി ചില ചെറിയ തുകകൾ ലഭിച്ചിരുന്നു. മകൾ ഐഷ ജിസ്മി ബി.കോം വിദ്യാർത്ഥിനിയാണ്. ജിബിൻ മകനാണ്. ബുഷ്റയുടെ ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ചെലവായി. പാലിയേറ്റീവ് കെയറുകാരുടെ ചികിത്സയിലാണ് ബുഷറയിപ്പോൾ.