കൊടുങ്ങല്ലൂർ: വാട്ടർ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുസിരിസ് ബോട്ട് ജെട്ടി ശൃംഖലയിൽ ഇനി രണ്ട് ബോട്ട് ജെട്ടികൾ കൂടി ഉയരും. മതിലകം ബംഗ്ലാവ് കടവിലും അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിലും നിർമിക്കുന്ന ബോട്ട് ജെട്ടികളുടെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. പൈതൃക പദ്ധതികൾക്ക് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
മുസിരിസ് പൈതൃക പദ്ധതിയെ പിന്തുടർന്ന് ആലപ്പുഴ പൈതൃക പദ്ധതിയും തുടർന്ന് തിരുവിതാംകൂർ പൈതൃക പദ്ധതിയും വിഭാവനം ചെയ്തു വിപുലീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. മുസിരിസിലേക്കുള്ള പഠനയാത്രക്ക് സംസ്ഥാന ബഡ്ജറ്റിൽ അഞ്ചുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതികൾ യാഥാർത്ഥ്യമാവുന്നതോടെ തിരുവിതാംകൂറിലെയും തിരുഃ കൊച്ചിയുടെയും മുസിരിസിന്റെയും ആലപ്പുഴയുടെയും തലശ്ശേരിയുടെയും പൈതൃക പദ്ധതികൾ പുതുതലമുറക്ക് അനുഭവവേദ്യമാക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് ജലാശയം വഴി സഞ്ചാരികളെ ആകർഷിക്കുന്നതിനായി ആരംഭിച്ച ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസുകളുടെ ഭാഗമായാണ് ബോട്ട് ജെട്ടികൾ നിർമിക്കുന്നത്. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാർത്തോമ്മ, ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയിൽ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ സ്മാരകം, ചേന്ദമംഗലം, പറവൂർ മാർക്കറ്റ്, കോട്ടപ്പുറം ചന്ത എന്നിവയാണ് നിലവിലുള്ള ജെട്ടികൾ.
ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. എറിയാട്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്തംഗം കെ.എസ് ജയ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷായി അയ്യാരിൽ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി അബ്ബാസ്, മുസിരിസ് മാർക്കറ്റിമഗ് മാനേജർ ഇബ്രാഹിം സബിൻ തുടങ്ങിയവർ പങ്കെടുത്തു.
...................................
മുനയ്ക്കൽ ബോട്ട് ജെട്ടിക്ക് 73 ലക്ഷവും ബംഗ്ലാവ് കടവ് ജെട്ടിക്ക് 57 ലക്ഷവുമടക്കം 1.30 കോടി രൂപ നിർമാണ ചെലവ്.
നിർമാണ ചുമതല ഇറിഗേഷൻ വകുപ്പിന്