ചാവക്കാട്: എസ്റ്റിമേറ്റ് തയ്യാറാക്കുന്ന സമയത്ത് മണ്ണ് പരിശോധന നടത്തിയില്ലെന്ന കാരണത്താൽ അനുമതി ലഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം എങ്ങുമെത്താത്ത സ്ഥിതിയിൽ.
2018 ജൂലായ് മൂന്നിനാണ് കെട്ടിടത്തിനായി 1.32 കോടി രൂപ കിഫ്ബി അനുവദിച്ചത്. കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമ്മാണ ചുമതല. കമ്പി, മെറ്റൽ ഉൾപ്പെടെയുള്ള സാമഗ്രികൾ സ്ഥലത്തെത്തിച്ച് കോൺക്രീറ്റ് കാൽ നിർമ്മിക്കാൻ കുഴിയെടുക്കൽ പൂർത്തിയായപ്പോഴാണ് മണ്ണ് പരിശോധന നടത്തണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടത്.
2019ൽ കെട്ടിടം പണി തുടങ്ങിയെങ്കിലും ഇവിടം പൂഴിമണലായതിനാൽ പൈലിംഗ് ചെയ്യണമെന്ന നിർദ്ദേശത്തെ തുടർന്ന് നിർമ്മാണം നിറുത്തിവച്ചു. നിർമ്മാണത്തിനായി എടുത്ത കുഴികൾ അപകടത്തിന് കാരണമാകുമെന്നതിനാൽ അവയെല്ലാം പിന്നീട് മണ്ണിട്ട് മൂടി. നിർമ്മാണത്തിനു കൊണ്ടുവന്ന കമ്പി, മിക്‌സിംഗ് യൂണിറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ ഉപയോഗശൂന്യമായി തുരുമ്പെടുക്കുന്ന സ്ഥിതിയാണ്. ചെലവുകൾ ഉൾപ്പെടുത്തിയ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കൽ പ്രക്രിയ വൈകുന്നതിനാൽ ഒന്നര വർഷത്തോളമായി കരാറുകാരൻ ഓഫീസുകൾ കയറിയിറങ്ങുകയാണ്.
വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാർക്കും നാട്ടുകാർക്കും ഭീഷണി ആയതിനാലാണ് പ്രദേശവാസികളുടെ നിരന്തര ആവശ്യത്തിനൊടുവിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ അധികൃതർ തയ്യാറായത്. ഇവിടെയുള്ള മരം മുറിച്ചു മാറ്റാനുള്ള അനുമതിക്കും, സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മാറ്റാനും നാളുകൾ കാത്തിരിക്കേണ്ടി വന്നു. ദിവസങ്ങൾക്കകം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുമെങ്കിലും ബന്ധപ്പെട്ടവരുടെ അനാസ്ഥ ഓഫീസിന്റെ കാലക്കേടിന് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.