തൃശൂർ: കൗൺസിൽ അറിയാതെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സേവന ഫീസ് ഏർപ്പെടുത്തിയത് ജനവഞ്ചനയും കൊള്ളയുമാണെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. കൗൺസിലിനെയും കമ്മിറ്റികളെയും നോക്കുകുത്തികളാക്കി വൈദ്യുതി സേവന നിരക്കുകളും വാട്ടർ ചാർജും വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചു. അഞ്ചുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിലെ ജനവിരുദ്ധ മാതൃകയുടെ തുടർച്ചയാണ് ഫീസ് ചുമത്തലെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പരാതിയിൽ ക്രിയാത്മകമായി ഇടപെട്ട മേയർ എം.കെ വർഗീസിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു. കൊള്ള തടയുമെന്നും തെറ്റുകൾ തിരുത്തുമെന്നുമുള്ള നിലപാടിൽ മേയർ ഉറച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ ജനങ്ങൾക്ക് നൽകുന്നത് സൗജന്യ സേവനമാണ്. കൗൺസിൽ തീരുമാനം ഇല്ലാതെ അതിന് ഫീസ് പിരിക്കാൻ ആർക്കും അധികാരമില്ലെന്നും രാജൻ പല്ലൻ പറഞ്ഞു.