
തൃശൂർ: കൊവിഡ് പൊസിറ്റീവ് കേസുകൾ കുറയാതെ മുന്നോട്ടു കുതിക്കുമ്പോൾ തടയിടാൻ കൈയും മെയ്യും മറന്ന് പൊലീസ് രംഗത്ത്. തൃശൂർ എ.സി.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ ഈസ്റ്റ്, വെസ്റ്റ്, വനിതാ സ്റ്റേഷൻ, ട്രാഫിക്, പൊലീസ് ക്യാമ്പ് എന്നിവിടങ്ങളിലെ അമ്പത്തോളം പൊലീസുകാരാണ് നഗരത്തിലെ കടകളിൽ കയറി ബോധവത്കരണത്തോടൊപ്പം ശക്തമായ താക്കീതും നൽകുന്നത്.
അടുത്ത സന്ദർശനത്തിൽ കൊവിഡ് പ്രോട്ടോകോൾ മറികടന്ന് കടകൾ പ്രവർത്തിച്ചാൽ പിഴയ്ക്ക് ഒപ്പം കടകൾ അടപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആറ് പേരടങ്ങുന്ന സംഘമായാണ് പരിശോധന നടത്തുന്നത്. ഭൂരിഭാഗം കടകളിലും സാനിറ്റൈസറും കൈകഴുകുന്നതിനുള്ള സൗകര്യവും ഇല്ലെന്നും പൊലീസ് പറഞ്ഞു. ജില്ലയിൽ ഭൂരിഭാഗം ദിവസങ്ങളിലും കൊവിഡ് പൊസിറ്റീവ് കേസുകൾ 500 ന് മുകളിലാണ്. വാക്‌സിൻ വന്നതോടെ ജനങ്ങൾ ആശങ്ക ഇല്ലാതെ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ദിവസവും ആയിരക്കണക്കിന് പേരാണെത്തുന്നത്. കുട്ടികളും വയസായവരും ഉൾപ്പെടെ ഉള്ളവർ ഇതിലുണ്ട്. ഞായറാഴ്ച ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കടലോരത്ത് ആയിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്. ഓണക്കാലത്ത് അനുഭവപ്പെടുന്ന തിരക്കിനേക്കാൾ കൂടുതലായിരുന്നു തിരക്ക്. പൊലീസിന്റെ നേതൃത്വത്തിൽ മാസ്‌ക് ഇടാത്തവർക്കെതിരെ പിഴ ഈടാക്കുന്നുണ്ടെങ്കിലും പരിശോധനയ്ക്ക് രണ്ടോ മൂന്നോ പൊലീസുകാർ മാത്രമാണുള്ളത്. മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴ ചുമത്തുന്നത്. പീച്ചി, വാഴാനി എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത്തരം കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വൈറലായി ബോധവത്കരണം
എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ കടകളിൽ നടത്തിയ ബോധവത്കരണം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് പേരാണ് അതിന്റെ വീഡിയോ ഷെയർ ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ നൂറോളം കടകളിലാണ് കയറിയിറങ്ങിയത്. നടപടികൾ തുടരുന്നുമെന്ന് വി.കെ. രാജു പറഞ്ഞു.
മൂന്ന് ദിവസം, ആയിരത്തിലേറെ കേസുകൾ
സിറ്റി പൊലീസ് പരിധിയിലും റൂറൽ പരിധിയിലുമായി മൂന്ന് ദിവസത്തിനുള്ളിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ ആയിരത്തിലേറെ കേസുകളാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിനാണ് കൂടുതലും നടപടികൾ.
സിറ്റി പരിധി
ജനുവരി 30 - 91 കേസ്
ജനുവരി 31- 554
ഫെബ്രുവരി 1 - 612
പിഴ ഈടാക്കിയത്
ഫെബ്രുവരി 1 - 1.13 ലക്ഷം
ജനുവരി 31 - 1.02 ലക്ഷം
റൂറൽ പരിധി
ജനുവരി 30 116
ജനുവരി 31 242.