തളിക്കുളം: പത്താംകല്ല് ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സുമന ജോഷിയുടെ നേതൃത്വത്തിൽ പത്താംകല്ല് സെന്ററിൽ ജനകീയ ധർണ നടത്തി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗഫൂർ തളിക്കുളം, പഞ്ചായത്ത് അംഗങ്ങളായ ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ഹിറോഷ് ത്രിവേണി, പി.എസ്. സുൽഫിക്കർ, രമേഷ് ഐനിക്കാട്ട്, മുനീർ ഇടശ്ശേരി, സി.വി. ഗിരി തുടങ്ങിയവർ സംസാരിച്ചു.
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ ഇക്കാലയളവിൽ നടന്നിരുന്നു. പിന്നീട് റോഡ് ശരിയാക്കിയെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം റോഡ് ഉയർത്തി വീതി കൂട്ടി പണിയുമെന്ന് പറഞ്ഞ് കരിങ്കൽ ചീളുകളും എം സാന്റും നിരത്തി പണി പൂർത്തീകരിക്കാതെ യാത്രക്കാർക്ക് ദുരിതം ഉണ്ടാക്കുകയാണ് കരാറുകാരനും ഉദ്യോഗസ്ഥരും ചെയ്യുന്നത്. ഇത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാത്തത്തിനെ തുടർന്ന് കളക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്ന ഈ ദുരിതത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സുമന ജോഷി പറഞ്ഞു.