police-

തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസർ ഉപയോഗത്തെക്കുറിച്ചുള്ള പൊലീസ് ബോധവത്കരണം വൈറലായി. തൃശൂർ സിറ്റി പൊലീസ് എ. സി. പി വി. കെ. രാജുവിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി കൊവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ലോട്ടറി കടയിൽ പരിശോധനക്ക്‌ എത്തിയ എ.സി.പി പണം കൊടുത്ത് ലോട്ടറി വാങ്ങി. കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ഒരാൾ സാധനം വാങ്ങിയാൽ എന്തെല്ലാം നടപടികൾ ചെയ്യണമെന്ന ചോദ്യത്തിന് മുന്നിൽ കടക്കാരൻ പകച്ചു നിന്നു. ഇതോടെ എ.സി.പിയും സംഘവും സാനിറ്റിസർ ഉപയോഗം കൃത്യമായി പറഞ്ഞു കൊടുത്താണ് പുറത്തിറങ്ങിയത്. കടയിൽ നടത്തിയ പരിശോധന വീഡിയോ ആണ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന്‌ പേരാണ് ഇത് പങ്ക് വെച്ചത്. വ്യാപാരി സമൂഹവും സാനിറ്റൈസർ ഉപയോഗത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വീഡിയോ ഷെയർ ചെയ്തു. പല സ്ഥാപനങ്ങളിലും സാനിറ്റൈസർ ഉണ്ടെങ്കിലും കുപ്പി പൊട്ടിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ആയിരത്തിലത്തിലധികം കേസുകൾ ആണ് കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ തൃശൂർ സിറ്റി തൃശൂർ സബ് ഡിവിഷൻ പരിധിയിൽ മാത്രം എടുത്തത്. മാസ്ക് ധരിക്കാത്തവരുടെ എണ്ണവും കൂടിവരുന്നതായും പൊലീസ് പറഞ്ഞു.

ദയനീയാവസ്ഥ പങ്കുവച്ച്

പരിശോധനക്കിടെ കഴിഞ്ഞ ഒരു വർഷമായി അനുഭവിക്കുന്ന ദയനീയാവസ്ഥയും പങ്കുവെച്ച് വ്യാപാരികൾ. നിരവധി പേര് ജോലിക്കാരായി ഉണ്ടായിരുന്ന പല സ്ഥാപനങ്ങളിലും കടയുടമ മാത്രമായി ചുരുങ്ങി. എന്നിട്ടും വാടക നൽകാൻ പോലും കച്ചവടം നടക്കുന്നില്ലെന്നു ഉടമകൾ പങ്കുവെച്ചതായും എ.സി.പി പറഞ്ഞു.