
തൃശൂർ: തിരഞ്ഞെടുപ്പിനു മുൻപേ മുന്നണികൾക്കു മുന്നിൽ വിലപേശൽ തന്ത്രവുമായി കത്തോലിക്ക സഭ. തൃശൂരിൽ നിന്ന് പുറത്തിറങ്ങുന്ന സഭയുടെ മുഖപത്രമായ 'കത്തോലിക്കസഭ'യിൽ തങ്ങളെ സഹായിക്കുന്നവരെ മാത്രമെ തിരിച്ചു സഹായിക്കുകയുള്ളൂവെന്ന് മുന്നറിയിപ്പു നൽകുന്നു. ക്രൈസ്തവരോട് അവഗണനയാണ് മുന്നണികൾ തുടരുന്നതെങ്കിൽ വ്യക്തമായ മറുപടി ഈ തിരഞ്ഞെടുപ്പിൽ നൽകുമെന്നും വ്യക്തമാക്കുന്നു. ക്രൈസ്തവ സഭകളോട് അടുക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് മുന്നണികൾക്ക് മുന്നറിയിപ്പുമായി സഭാനേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് മതസാമുദായിക നേതാക്കളുമായി ചർച്ച നടത്തുന്നത്.