physically-challenged

തൃശൂർ: ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ (എൻ.ഐ.പി.എം.ആർ) ആറിന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി പ്രഖ്യാപനം നടത്തും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയാകും.

അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്റർ, സെന്റർ ഫൊർ മൊബിലിറ്റി ആൻഡ് അസിസ്റ്റിവ് ടെക്‌നോളജി (സിമാറ്റ്) എന്നിവ മന്ത്രി കെ.കെ. ശൈലജയും സ്‌പൈനൽ ഇൻജ്വറി റീഹാബിലിറ്റേഷൻ യൂണിറ്റ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും ആർട്ട് എബിലിറ്റി സെന്റർ ടി.എൻ. പ്രതാപൻ എം.പിയും അക്കാഡമിക് പ്രോഗ്രാം ഒക്യുപേഷണൽ തെറാപ്പി കോളേജിന്റെ തറക്കല്ലിടൽ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എയും വൊക്കേഷണൽ റീഹാബിലിറ്റേഷൻ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും ഇയർമോൾഡ് ലാബ് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജും കോൾ ആൻഡ് കണക്ട് ഇൻഫർമേഷൻ ഗേറ്റ് വേ ഫൊർ ഡിഫറന്റ്‌ലി ഏബിൾഡ് കളക്ടർ എസ്. ഷാനവാസും ഉദ്ഘാടനം ചെയ്യുമെന്ന് എക്‌സിക്യുട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു, സോഷ്യൽ സെക്യൂരിറ്റി മിഷൻ റീജിയണൽ ഡയറക്ടർ യു.ആർ.രാഹുൽ , ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പുതിയ സാങ്കേതികവിദ്യയും വൈദഗ്ദ്ധ്യവുമുള്ള സ്ഥാപനമാണ് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള എൻ.ഐ.പി.എം.ആർ. സ്‌പൈനൽ ഇൻജ്വറി റീഹാബിലിറ്റേഷൻ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്റർ, ആർട്ട് എബിലിറ്റി സെന്റർ, ഇയർമോൾഡ് ലാബ്, കോൾ ആൻഡ് കണക്ട് ഇൻഫർമേഷൻ ഗേറ്റ് വേ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ്, പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോടിക്‌സ് യൂണിറ്റ്, സെൻസറി പാർക്ക്, സെൻസറി ഗാർഡൻ, വെർച്ച്വൽ റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങിയവയും തെറാപ്പി സംവിധാനങ്ങളും ഏർപ്പെടുത്തിയാണ് മികവിന്റെ കേന്ദ്രമായത്.