ചാഴൂർ: വീതി കുറഞ്ഞ ഹെർബർട്ട് കനാൽപാലം പുതുക്കി നിർമ്മിക്കുന്നു. നാല് കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണം. നിലവിലെ പാലം പൊളിക്കുന്ന മുറയ്ക്ക് ബദൽ യാത്രാ സംവിധാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് ചാഴൂർ പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. ആറിന് കനാൽ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. ഡേവിസ് എന്നിവർ മുഖ്യാതിഥികളാകും.
ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന തൃശൂർ - തൃപ്രയാർ പാതയിലെ പ്രധാന പാലങ്ങളിലൊന്നാണ് ഹെർബർട്ട് പാലം. 11 മീറ്റർ വീതിയും 41 മീറ്റർ നീളവുമുള്ള പാലത്തിന് മൂന്ന് സ്പാനുകളും നടപ്പാത, കൈവരി എന്നിവയും സ്ഥാപിക്കും. ഫ്‌ളാറ്റ് സ്ലാബ് സിസ്റ്റത്തിൽ ഒരുക്കുന്ന പാലം 12 മാസം കൊണ്ട് പൂർത്തീകരിക്കും. അവലോകന യോഗത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, അസിസ്റ്റന്റ് എൻജിനിയർ കെ.പി. ബിന്ദു എന്നിവർ സംസാരിച്ചു.