തൃശൂർ: പീച്ചി റിസർവോയറിൽ നാടൻ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപവും മത്സ്യബന്ധനോപാധികളുടെ വിതരണവും ബോധവത്കരണവും നടത്തി. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പീച്ചി റിസർവോയർ ഫിഷറീസ് സഹകരണസംഘം പ്രസിഡന്റ് കെ.കെ. ഷൂജന് മത്സ്യബന്ധനോപാധികൾ നൽകി ഉദ്ഘാടനം ചെയ്തു. കേരള റിസർവോയർ ഡെവലപ്‌മെന്റിന്റെ 2020- 21 സ്‌കീമിന്റെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപവും മത്സ്യബന്ധനോപാധികളുടെ വിതരണവും നടന്നത്.
മത്സ്യത്തൊഴിലാളികൾക്ക് 50 കിലോ വല, വെയിംഗ് മെഷീൻ, ബില്ലിംഗ് മെഷീൻ എന്നിവയും വിതരണം ചെയ്തു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ടി. ജയന്തി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സിമി റോസ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോമോൾ സി. ബേബി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മത്സ്യ കർഷകർക്ക് ബോധവത്കരണ ക്ലാസും നടത്തി. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എൻ.എസ്. ബഷീർ ക്ലാസിന് നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഡേവിസ് അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു, സാവിത്രി സദാനന്ദൻ, കെ.കെ. രമേഷ്, സ്വപ്ന രാധാകൃഷ്ണൻ, ബാബു തോമസ്, എം.എ. അജേഷ്, പി.കെ. ഷിബുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വിസ്തീർണം - 3.1263 ഹെക്ടർ
നിക്ഷേപിച്ച മത്സ്യം- 3.54 ലക്ഷം
പച്ചിലവെട്ടി, കുയിൽ, കരിമീൻ
നാടിന്റെ തദ്ദേശ മത്സ്യങ്ങളുടെ സമ്പത്തിനെ പരിപോഷിപ്പിക്കുക. റിസർവോയറിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന പട്ടികജാതി - വർഗ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം.
പീച്ചിയിലെ ജലശുദ്ധീകരണശാല സന്ദർശിക്കും
തൃശൂർ: കോർപറേഷൻ 25.30 കോടി രൂപ ചെലവിൽ പീച്ചിയിൽ നിർമ്മിക്കുന്ന 20 എം.എൽ.ഡി. ജലശുദ്ധീകരണശാല ഫ്ളോട്ടിംഗ് ഇൻക്ക് സ്ട്രക്ച്ചർ, ഡെഡിക്കേറ്റഡ് പവർ ഫീഡർ എന്നീ പ്രവർത്തനങ്ങളുടെ നിർമ്മാണ പുരോഗതി പരിശോധിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കോർപറേഷൻ ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിക്കും.