 
തൃശൂർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നാളെ തൃശൂരിൽ. രാവിലെ പാർട്ടി നേതാക്കളുടെ യോഗത്തിലും വൈകീട്ട് വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുയോഗത്തിലും പങ്കെടുക്കും. അതോടൊപ്പം തന്നെ മതസാമുദായിക സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടക്കുന്നുണ്ട്. വൈകീട്ട് മൂന്ന് മുതൽ നാലു മണി വരെയാണ് കാസിനോ ഹോട്ടലിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ക്രൈസ്തവ മതനേതാക്കൾ ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ചയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.എൻ.ഡി.പി, എൻ.എസ്.എസ്, പട്ടികജാതി, പട്ടിക വർഗ സമുദായ സംഘടനാ നേതാക്കൾ, മുസ്‌ലിം സമുദായ നേതാക്കൾ എന്നിവരും കൂടിക്കാഴ്ചക്കെത്തുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ള തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ചിരുന്നു. അത്താഴ വിരുന്നിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ശ്രീധരൻപിള്ളയുടെ സന്ദർശനവും ജെ.പി. നദ്ദ മതനേതാക്കളെ കാണുന്നതും വലിയ രാഷ്ട്രീയ പ്രധാന്യമാണ് കൽപ്പിക്കുന്നത്. ശ്രീധരൻപിള്ളയുടെ സഭാ നേതാക്കളുമായുള്ള സന്ദർശനത്തെ സി.പി.എം വിമർശിച്ചപ്പോൾ അതിൽ തെറ്റില്ലെന്ന് തൃശൂരിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും ഭരണഘടന സ്ഥാപനങ്ങളിൽ ഇരിക്കുന്നവർക്കും ആരെയും കാണാവുന്നതാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കഴിഞ്ഞ സഭയുടെ മുഖപത്രത്തിൽ തങ്ങളെ അവഗണിക്കുന്നതിനെതിരെ മുന്നണികൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.