
തൃശൂർ: കൈവശമുള്ള സ്ഥലം കരഭൂമിയാക്കാൻ വിഖ്യാത സംവിധായകൻ ജി. അരവിന്ദന്റെ ഭാര്യ കൗമുദിഅമ്മയ്ക്ക് ചെലവഴിക്കേണ്ടി വന്നത് ജീവിതത്തിന്റെ കാൽ നൂറ്റാണ്ട്. 78 വയസായ കൗമുദി അരവിന്ദന് ഒടുവിൽ സർക്കാരിന്റെ 'സാന്ത്വന സ്പർശ'ത്തിലൂടെ വൈകിയെങ്കിലും നീതിയുടെ ആശ്വാസം. മൺമറഞ്ഞ അരവിന്ദന്റെ അഭിലാഷം കൂടിയാണ് ഇതോടെ പൂവണിഞ്ഞത്.
കൗമുദി നൽകിയ അപേക്ഷ റവന്യൂ വകുപ്പിന്റെ ചുവപ്പുനാടയിൽ കുരുങ്ങി 25 വർഷത്തോളമായി ചലനമറ്റ് കിടക്കുകയായിരുന്നു. മുൻപ് നൽകിയ അപേക്ഷയിൽ തീരുമാനമാകാത്തതിനെ തുടർന്ന് കുന്നംകുളം ടൗൺ ഹാളിൽ നടന്ന സാന്ത്വനസ്പർശം അദാലത്തിൽ വീണ്ടും അപേക്ഷ നൽകി. ഇതാണ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തീർപ്പാക്കിയത്.
അപേക്ഷ പരിശോധിച്ച മന്ത്രി കൗമുദിഅമ്മയ്ക്ക് 15 ദിവസത്തിനകം സ്ഥലം കരഭൂമിയാക്കി രേഖപ്പെടുത്തിയതിന്റെ സർട്ടിഫിക്കറ്റ് നൽകാൻ തൃശൂർ ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകി. അരവിന്ദന്റെ സുഹൃത്ത് കൂടിയായ നടൻ വി.കെ. ശ്രീരാമനും സാമൂഹികപ്രവർത്തക ഷീബ അമീറും പരാതിക്കാരിക്കൊപ്പം അദാലത്തിന് എത്തിയിരുന്നു.
1987ൽ ജി. അരവിന്ദൻ വാങ്ങിയ ചെറുതുരുത്തിയിലുള്ള ഭൂമിയാണ് കൈവശാവകാശം ഉണ്ടായിട്ടും യാതൊന്നും ചെയ്യാനാകാതെ കിടന്നത്. മതിൽക്കെട്ടിനുള്ളിലെ ഭൂമിയിൽ മരങ്ങളും പുല്ലും വളർന്ന് കാടായി കിടക്കുകയായിരുന്നു. പണ്ട് നിലമായി രേഖപ്പെടുത്തിയിരുന്ന ഭൂമിക്ക് നികുതിയടച്ചുവന്നിരുന്നു. 1995ലാണ് സ്ഥലം കരഭൂമിയാക്കി കിട്ടുന്നതിന് അപേക്ഷ നൽകിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഇതോടെ ശുഭാന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അരവിന്ദന്റെ സഹധർമ്മിണി കൗമുദിഅമ്മ.