വടക്കാഞ്ചേരി: എം.എൽ.എ വീട് മുടക്കിയെന്ന അപവാദ പ്രചരണത്തിനെതിരെ അർഹരായവർക്ക് അനിൽ അക്കര എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് വീട് വച്ചു നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലൈഫ്മിഷൻ ഫ്‌ളാറ്റ് കുംഭകോണത്തിൽ സംസ്ഥാന സർക്കാരും, മന്ത്രിമാരും നടത്തിയ വൻ അഴിമതി പുറത്തു കൊണ്ടുവന്നതു മുതൽ അനിൽ അക്കര എം.എൽ.എയ്ക്കെതിരെ സി.പി.എം നേതൃത്വം അപവാദ പ്രചാരണം നടത്തുന്നതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ പ്രളയത്തിൽ വീടു തകർന്നവർക്കുൾപ്പെടെ ഒമ്പത് വീടുകൾ എം.എൽ.എ വച്ചു കൊടുത്തു. 5 ലക്ഷം രൂപ മുടക്കിയാണ് ഓരോ വീടും നിർമ്മിച്ചത്. കുറാഞ്ചേരിയിലെ പ്രളയത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായവർക്ക് വീടുകൾ വച്ചു നൽകിയെന്നും നേതാക്കൾ പറഞ്ഞു. ഡി.സി.സി.സെക്രട്ടറി കെ.അജിത്കുമാർ, ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യൻ, മണ്ഡലം പ്രസിഡന്റ് എ.എസ്. ഹംസ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.