വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മച്ചാട് മാമാങ്കത്തിന് കുതിരകളെ കൊണ്ടുവരുന്നതിനും, എഴുന്നെള്ളിക്കുന്നതിനും കൊച്ചിൻ ദേവസ്വം ബോർഡ് ദേശക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. മാമാങ്കത്തിന് എഴുന്നെള്ളിക്കാനായി കാവിലേക്ക് കുതിരകളെ കൊണ്ടുവരുമ്പോൾ കുതിരകൾക്കൊപ്പം പതിനഞ്ചു പേർ മാത്രമേ അനുഗമിക്കാവു. കുതിരയെ എടുക്കുന്നവർ മാസ്‌ക് ധരിച്ചിരിക്കണം, കൈകൾ ഇടക്കിടെ സാനിറ്റെസ്ഡ് ചെയ്യണം. കുതിരയെ വെയ്ക്കുന്നിടത്ത് ആൾകൂട്ടം അനുവദിക്കില്ല, കുതിര തിരുവാണിക്കാ വിൽ പ്രവേശിച്ചാൽ ഒരു പ്രദക്ഷിണം വെച്ച് കിഴക്കേ നടയിൽ യഥാസ്ഥാനത്ത് വെക്കണം, കൂട്ടത്തോടെ എല്ലാ ദേശക്കാരും കുതിരകളെ കൊണ്ടുവരാൻ പാടുള്ളതല്ല.
രാത്രിയിലെ പഞ്ചവാദ്യത്തിലും ഇതേ നിബന്ധനകൾ ബാധകമാണ്. മാമാങ്കവും, കുതിരയെഴുന്നെള്ളിപ്പും മറ്റ് ചടങ്ങുകളും സെക്ടറൽ മജിസ്‌ട്രേറ്റിന്റെയും, പൊലീസിന്റെയും നിരീക്ഷണത്തിലാണ് നടക്കുക. മാമാങ്ക ദിവസം ദേശക്കാർ തിരുവാണിക്കാവിലെത്തിയാൽ അവിടുത്തെ നിർദ്ദേശങ്ങൾ പാലിക്കണം. ഭഗവതിയെ തൊഴുതു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ക്ഷേത്രത്തിന് പുറത്തുകടക്കണം.