 
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ ചക്രങ്ങൾ മോഷ്ടാക്കൾ കവർന്നു. കേടുപാടുകൾ സംഭവിച്ച മത്സ്യബന്ധന വലകൾ കയറ്റിയ ലോറിയുടെ പത്ത് ചക്രങ്ങളിൽ പുതിയ രണ്ടെണ്ണമാണ് മോഷണം പോയത്. അഴീക്കോട് നിന്നും വല കയറ്റി ഗുജറാത്തിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ തിങ്കളാഴ്ച വൈകിട്ട് കോട്ടപ്പുറം സിഗ്‌നൽ സമീപം സർവീസ് റോഡിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം ഡ്രൈവറും ക്ലീനറും ലോറിയിൽ ഉറങ്ങുകയായിരുന്നു. 60,000 രൂപ വിലവരുന്ന ചക്രങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇത്തരം മോഷണങ്ങൾ കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും നേരത്തെ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.