ചേർപ്പ്: നൂറ്റാണ്ടുകളുടെ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സംരക്ഷിക്കണമെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. അശ്വതി പുറപ്പാട് മുതൽ അത്തം കൊടിക്കുത്തുവരെയുള്ള 12 ദിവസങ്ങളിൽ പൂരത്തിന്റെ പങ്കാളികളായ 24 ക്ഷേത്രങ്ങളിലും നടക്കുന്ന ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സുഗമമായി നടത്തണമെങ്കിൽ സർക്കാർ തലത്തിൽ അനുമതിയും അനുകൂല സാഹചര്യങ്ങളും അനിവാര്യമാണ്. പൂരത്തോട് അനുബന്ധിച്ച് ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എല്ലാ എഴുന്നെള്ളിപ്പുകളും കൊവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് നടത്താനും യോഗം തീരുമാനിച്ചു. 13 ഉപസമിതികളും രൂപീകരിച്ചു.
ആറാട്ടുപുഴ പൂരം മാർച്ച് 26നും തറക്കൽ പൂരം മാർച്ച് 25നും പെരുവനം പൂരം മാർച്ച് 23 നും തിരുവാതിര വിളക്ക് മാർച്ച് 21നും കൊടിയേറ്റം മാർച്ച് 20നുമാണ്. യോഗത്തിൽ സമിതി പ്രസിഡന്റ് മധു മംഗലത്ത് അദ്ധ്യക്ഷനായി. ഭാരവാഹികളായ എം. ശിവദാസൻ, പി. രാജേഷ്, എം. രാജേന്ദ്രൻ, ആർ. ഹരികൃഷ്ണൻ, സി.വി. അജിത് കുമാർ, എം. പ്രതാപ്, എം. ജയപ്രകാശ് എന്നിവർ സംസാരിച്ചു.