
തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയെന്ന വിശേഷണം കൊണ്ടും ആരാധകബാഹുല്യത്താലും നായകപരിവേഷം കിട്ടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉത്സവ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിച്ചേക്കും. വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. യോഗത്തിലെ പ്രധാന അജൻഡകളിലൊന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിനുള്ള അനുമതിയാണ്. ആരോഗ്യാവസ്ഥ സംബന്ധിച്ച റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും അനുമതി നൽകുക.
2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. തുടർന്ന് ആ വർഷത്തെ പൂരത്തിന് തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിന് കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കളക്ടർ അനുമതി നൽകിയത്.
കഴിഞ്ഞ മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തൃശൂർ പൂരം ഒഴിവാക്കിയതോടെ രാമചന്ദ്രൻ പങ്കെടുക്കാറുള്ള തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങുണ്ടായില്ല. കൊവിഡ് കാലത്ത് എഴുന്നള്ളിപ്പുകൾ ഇല്ലാതായതോടെ രാമചന്ദ്രൻ കെട്ടുതറിയിൽ തന്നെയായി.
ആറിന് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ തൃശൂർ പൂരം സംബന്ധിച്ച് അവലോകന യോഗവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉത്സവ എഴുന്നള്ളിപ്പുകളെ കുറിച്ച് നാട്ടാന നിരീക്ഷണ സമിതി യോഗം വിശദമായ തീരുമാനമെടുക്കും. ആറ് വർഷമായി തൃശൂർ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. ഇതോടെയാണ് തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിന് പതിനായിരങ്ങളെത്താൻ തുടങ്ങിയത്. പലയിടങ്ങളിലും തലപ്പൊക്ക മത്സരങ്ങളിൽ വിജയിയായതോടെ റെക്കാഡ് ഏക്കം രാമചന്ദ്രന് ലഭിച്ചിരുന്നു.
കൊമ്പന്റെ വഴികൾ
ലക്ഷണമൊത്ത കൊമ്പൻ
ജീവിച്ചിരിപ്പുള്ളതിൽ ഉയരമുള്ള ആന, 317 സെന്റീമീറ്റർ.
വിരിഞ്ഞ മസ്തകം, ഉറച്ച കാൽ, ആനച്ചന്തം നിറഞ്ഞ നടത്തം
ലക്ഷണമൊത്ത ഉടൽനിറവും നഖങ്ങളും, നിലംമുട്ടുന്ന തുമ്പിക്കൈ
കോലം കയറ്റിയാൽ ഇറക്കുംവരെ താഴ്ത്താത്ത വിരിഞ്ഞ മസ്തകം