തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി മാറുന്ന തൃശൂർ പുത്തൂരിലെ പാർക്കിലേക്ക്, കേന്ദ്ര മൃഗശാല വകുപ്പ് അധികൃതരുടെ അനുമതി ലഭിച്ചാൽ ഉടൻ പക്ഷികളെയും കുരങ്ങന്മാരെയും എത്തിക്കും. എന്നാൽ സന്ദർശകർക്ക് പ്രവേശനം ലഭിക്കാൻ രണ്ട് മാസം കൂടി കാത്തിരിക്കേണ്ടി വരും.
തൃശൂർ മൃഗശാലയിലുള്ള, മയിൽ അടക്കമുള്ള പക്ഷികളെയും കുരങ്ങന്മാരെയുമാണ് ആദ്യമെത്തിക്കുക. തൃശൂരിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയ കാട്ടുപോത്തുകളെയും സിംഹവാലൻ കുരങ്ങിനെയും തിരികെയെത്തിക്കും. ആദ്യഘട്ട നിർമ്മാണം മുഴുവൻ പൂർത്തീകരിച്ചു. ഉന്നത ഉദ്യോഗസ്ഥർ പുത്തൂർ സന്ദർശിച്ച ശേഷം, 20ന് ഡൽഹിയിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ മൃഗങ്ങളെ മാറ്റുന്നതിന് അനുമതി നൽകിയേക്കുമെന്നാണ് വിവരം. ഘട്ടം ഘട്ടമായാണ് മൃഗങ്ങളെ മാറ്റുക. ഏപ്രിലിൽ എല്ലാ ജീവികളെയും പുത്തൂരിലേക്ക് മാറ്റും.
മേയ് ആദ്യം പാർക്ക് സന്ദർശകർക്ക് തുറന്നുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാവാതിരിക്കാനാണ് സന്ദർശകരെ ഉടനെ കയറ്റേണ്ടതില്ലെന്ന തീരുമാനമെടുത്തത്. കൂടുകളും പാർക്കിംഗും മതിലുകളും മൃഗാശുപത്രിയും അടുക്കളയും അടക്കം രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ഇരുപത് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പാർക്കിൻ്റെ ഉദ്ഘാടനം നടക്കുന്നത്. ആദ്യഘട്ട പൂർത്തീകരണത്തിന്റെ പ്രഖ്യാപനമാണ് ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്.
വിദേശികളും സ്വദേശികളും
ഇന്ത്യയിലെയും വിദേശത്തെയും മൃഗങ്ങളെയും പക്ഷികളെയും കാണാനും പഠിക്കാനും അവസരമുണ്ടാകുമെന്നതാണ് പാർക്കിൻ്റെ സവിശേഷത. തൃശൂർ മൃഗശാലയിലെ എല്ലാ പക്ഷികളേയും ഉൾക്കൊള്ളിക്കാനാകുന്ന ഒരേക്കറിലേറെ വിസ്തൃതിയിലുള്ള ആവാസ സ്ഥലമാണ് പക്ഷികളുടേത്. ഇരുപതിലേറെ കൂടുകളുണ്ടാകും. ഒരുമിച്ചും വേർതിരിച്ചും പക്ഷികളെ ഇവിടെ പാർപ്പിക്കാനാകും. പ്രാരംഭ ഘട്ടത്തിൽ അഞ്ച് മൃഗശാലാ ജീവനക്കാരെ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
വിശാലമായ മൃഗാശുപത്രി
വലിയ മൃഗാശുപത്രിയാണ് പാർക്കിനുള്ളിൽ ഒരുക്കുന്നത്. മുകളിലെ നിലയിൽ ഗവേഷണങ്ങൾക്കും താഴത്തെ നിലയിൽ എല്ലാ ആധുനിക - സാങ്കേതിക സൗകര്യങ്ങളും ഉൾക്കൊള്ളിക്കാനാകുന്നതുമായ മൃഗാശുപത്രിയിൽ എല്ലാം വന്യമൃഗങ്ങളെയും പരിചരിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും.
രണ്ട് പതിറ്റാണ്ട് നീണ്ട പദ്ധതി
രണ്ട് പതിറ്റാണ്ട് മുമ്പാണ് വിഭാവനം ചെയ്തതത്. 2016 - 17 ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വിഹിതത്തോടെയാണ് നടപ്പാക്കുന്നത്. സ്‌പെഷ്യൽ ഓഫീസർ കെ.ജെ. വർഗീസാണ് മേൽനോട്ടം വഹിക്കുന്നത്. ഗവ. എൻജി. കോളേജ്, കെ.എഫ്.ആർ.ഐ, വാട്ടർ അതോറിട്ടി, കെ.പി.എച്ച്.സി.സി. എന്നിവയുടെ സഹകരണമുണ്ട്.
പുത്തൂർ പാർക്ക് ഇങ്ങനെ
വിസ്‌തൃതി- 338 ഏക്കർ വനഭൂമി
നിർമ്മാണച്ചെലവ്- 360 കോടി
ആകെ വാസസ്ഥലങ്ങൾ- 23
136 ഹെക്ടറിൽ 10 ലക്ഷം വൃക്ഷത്തൈകൾ
രണ്ടാംഘട്ട നിർമ്മാണപ്രവർത്തനം തുടരുകയാണ്. ലോക്ക് ഡൗൺ കാലങ്ങളിൽ തടസങ്ങളുണ്ടായെങ്കിലും നിലവിൽ കൃത്യസമയങ്ങളിൽ എല്ലാം പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
കെ.എസ് ദീപ
സ്‌പെഷ്യൽ ഓഫീസർ