
@സി.പി.ഐയിൽ ചർച്ച സജീവം
തൃശൂർ: കാൽനൂറ്റാണ്ടിന് ശേഷം അഡ്വ. വി.എസ്. സുനിൽ കുമാറിലൂടെ ഇടതുമുന്നണി തിരിച്ചു പിടിച്ച തൃശൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ സജീവം. മാറി നിൽക്കാമെന്ന് സുനിൽ കുമാർ നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.പി.ഐ.
മൂന്ന് തവണ എം.എൽ.എ ആയ സുനിൽ കുമാർ പാർട്ടി മാനദണ്ഡപ്രകാരം മാറേണ്ടതാണ്. എന്നാൽ സീറ്റ് നിലനിറുത്താൻ സുനിൽകുമാറിനെ തന്നെ മത്സരിപ്പിക്കണമെന്ന് സി.പി.ഐയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. സുനിൽ കുമാർ തുടരുന്നതിനോട് സി.പി.എമ്മിനും എതിർപ്പില്ല.
മത്സരിക്കാനില്ലെന്ന് സുനിൽ കുമാർ ഉറച്ച് നിന്നാൽ പകരം തൃശൂർ കോർപറേഷൻ കൗൺസിലറും എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി ലീഡറുമായ സാറാമ്മ റോബ്‌സൺ, 2011 ൽ മത്സരിച്ച പി. ബാലചന്ദ്രൻ, മുൻ മന്ത്രിയും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയുമായ കെ.പി രാജേന്ദ്രൻ എന്നിവരെ പറഞ്ഞു കേൾക്കുന്നുണ്ട്. സുനിൽ കുമാറിനെ മാറ്റിയാൽ രണ്ട് തവണ നാട്ടികയിൽ മത്സരിച്ച ഗീതാ ഗോപിയെയും മാറ്റിയേക്കും. അപ്പോൾ വനിതാ പ്രാതിനിദ്ധ്യവും ക്രൈസ്തവ വോട്ടുകളും ഉറപ്പാക്കാൻ സാറാമ്മ റോബ്‌സണിനെ തൃശൂരിൽ പരിഗണിക്കാൻ സാദ്ധ്യതയേറെയാണ്.
കോൺഗ്രസിൽ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ പത്മജ വേണുഗോപാൽ, ടി.വി ചന്ദ്രമോഹൻ, എം.പി വിൻസന്റ്, രാജൻ പല്ലൻ എന്നീ പേരുകളാണ് സജീവമായി ഉയരുന്നത്. ബി.ജെ.പിയിൽ സുരേഷ് ഗോപി, അഡ്വ. ബി. ഗോപാലകൃഷ്ണൻ, കെ.കെ അനീഷ് കുമാർ എന്നിവർക്കാണ് മുൻതൂക്കം.
2011മുതൽ സി.പി.ഐ
സി.പി.എം മത്സരിച്ചിരുന്ന തൃശൂർ സീറ്റ് 2011 ലാണ് സി.പി.ഐക്ക് കൈമാറിയത്. 1987 ൽ എൽ.ഡി.എഫ് നേടിയ മണ്ഡലത്തിൽ, 1991 മുതൽ തേറമ്പിൽ രാമകൃഷ്ണൻ തുടർച്ചയായി അഞ്ച് തവണ വിജയിച്ചു. അതോടെ കോൺഗ്രസിന്റെ കുത്തകയായി കരുതിയ തൃശൂരിൽ സുനിൽ കുമാറിനെ പാർട്ടി നിയോഗിച്ചതോടെ ചിത്രം മാറി. പത്മജ വേണുഗോപാലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. പത്മജ തോറ്റതോടെ കോൺഗ്രസിൽ തർക്കം മൂത്തു. മുതിർന്ന നേതാക്കൾ തന്നെ തോൽപ്പിച്ചെന്നായിരുന്നു പരാതി. അഡ്വ.ബി. ഗോപാലകൃഷ്ണനായിരുന്നു ബി.ജെ.പി. സ്ഥാനാർത്ഥി.
2016 ലെ വോട്ടിംഗ് നില
അഡ്വ. വി.എസ് സുനിൽ കുമാർ: 53,664
പത്മജ വേണുഗോപാൽ: 46,677
അഡ്വ.ബി. ഗോപാകൃഷ്ണൻ 24,748
ഭൂരിപക്ഷം: 6987