
തൃശൂർ : ഇന്ന് തൃശൂരിലെത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിൽ ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിക്കാനായാണ് ഇന്ന് വൈകീട്ട് തേക്കിൻക്കാട് മൈതാനിയിൽ നടക്കുന്ന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്.
25,000 ഓളം പേരെയാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തകർ വരുന്ന വാഹനങ്ങൾ ശക്തൻ ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട്, തേക്കിൻകാട് എക്‌സിബിഷൻ ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പാർക്ക് ചെയ്യേണ്ടതെന്ന് നേതാക്കൾ അറിയിച്ചു. നെടുമ്പാശേരിയിൽ നിന്ന് കാർ മാർഗം തൃശൂരിലെത്തുന്ന ജെ.പി നദ്ദ 10.30 ന് ഹോട്ടൽ കാസിനോയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇൻ ചാർജുമാർ, കൺവീനർമാർ, മുഴുവൻ സമയ പ്രവർത്തകർ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിന് സംഘപരിവാർ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. സംഘപരിവാർ സംഘടനകളുടെ മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച്ചയ്‌ക്കെത്തും. മൂന്നിന് കേരളത്തിലെ മതസാമുദായിക നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം നാലിന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, സി. കൃഷ്ണകുമാർ, പി. സുധീർ, ജോർജ്ജ് കുര്യൻ , മുൻ സംസ്ഥാന അദ്ധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
സാന്ത്വന സ്പർശം അദാലത്തിന് ഇന്ന് സമാപനം
തൃശൂർ: ജനങ്ങളുടെ ആവലാതികൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിനായി മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പർശം 2021' അദാലത്ത് 4 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സമാപിക്കും. രണ്ട് ദിവസം കൊണ്ട് 3,328 പരാതികൾക്കാണ് പരിഹാരമായത്. 5570 പരാതികളാണ് ആകെ ലഭിച്ചത്. ഇന്ന് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകൾക്കായി സംഘടിപ്പിക്കുന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. രാവിലെ 10ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ.യു അരുണൻ എം.എൽ.എ അദ്ധ്യക്ഷനാകും.
മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി മൊയ്തീൻ എന്നിവർ പരാതികൾ കേൾക്കും. മൂന്ന് താലൂക്കുകളിൽ നിന്നായി 2,525 പരാതികളാണ് ലഭിച്ചിരിക്കുന്നത്. മുകുന്ദപുരം താലൂക്കിൽ നിന്ന് 876 അപേക്ഷകളും ചാലക്കുടി താലൂക്കിൽ നിന്ന് 953 അപേക്ഷകളും കൊടുങ്ങല്ലൂരിൽ നിന്ന് 696 അപേക്ഷകളും ലഭിച്ചു. അപേക്ഷകൾക്കുള്ള മറുപടികൾ ജനറൽ കൗണ്ടറിൽ നിന്ന് ലഭ്യമാകും. പരാതികളിൽ കൃത്യമായ മറുപടി ലഭിച്ചവർ അദാലത്തിൽ പങ്കെടുക്കേണ്ടതില്ല. ടോക്കൺ അനുസരിച്ചാണ് ഹാളിലേക്ക് പ്രവേശനം. റവന്യൂ, കൃഷി, തദ്ദേശം, സാമൂഹികനീതി, സപ്ലൈ ഓഫീസ് എന്നിവയെ അധികരിച്ച് നടത്തുന്ന അദാലത്തിൽ 1,500 അപേക്ഷകൾ സപ്ലൈ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്.
സമയക്രമം
രാവിലെ 10 മുതൽ 12 വരെ ചാലക്കുടി താലൂക്കിൽ നിന്നുള്ള അപേക്ഷകൾ
ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ കൊടുങ്ങല്ലൂർ താലൂക്കിൽ നിന്നുള്ളവ
2.30 മുതൽ അഞ്ച് വരെ മുകുന്ദപുരം താലൂക്കിൽ നിന്നുമുള്ളവ