drama

തൃശൂർ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ജേതാക്കളുടെ കൈകളിൽ നൽകാതിരുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരങ്ങൾ ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത നേരിട്ട് സമ്മാനിച്ചു. അവാർഡ് ജേതാക്കൾക്ക് പൊന്നാടയും ചാർത്തി.

കെ.പി.എ.സി ബിയാട്രീസിനെ ആലിംഗനം ചെയ്താണ് ഫെല്ലോഷിപ്പ് നൽകിയത്. ഗ്ലൗസ് ധരിച്ചെത്തിയ ചെയർപേഴ്‌സൺ കാൽതൊട്ടു വന്ദിച്ചവരെ തോളിൽ തട്ടി സ്നേഹം പ്രകടിപ്പിച്ചു.

തിരുവനന്തപുരം വി. സുരേന്ദ്രൻ, സദനം വാസുദേവൻ എന്നിവർക്കും ഫെല്ലോഷിപ്പ് നൽകി. 17 അവാർഡ് ജേതാക്കളെയും ഗുരുപൂജ പുരസ്‌കാരം നേടിയ 17പേരെയും ആദരിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പുരസ്‌കാരങ്ങൾ നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കൊവിഡ് മുക്തനായശേഷം ദീർഘയാത്രകൾ സാദ്ധ്യമല്ലാത്തതിനാൽ അദ്ദേഹമെത്തിയില്ല. ഉദ്ഘാടനം ഓൺലൈനായി മന്ത്രി നിർവഹിച്ചു. വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, നിർവാഹകസമിതി അംഗം ഫ്രാൻസിസ് ടി. മാവേലിക്കര, അക്കാഡമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.എസ്. മനോജ് കുമാർ എന്നിവർ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, ലളിതകലാ അക്കാഡമി സെക്രട്ടറി പി.വി. ബാലൻ, അക്കാഡമി സെക്രട്ടറി ഇൻ ചാർജ്ജ് ഡോ. കെ.പി. മോഹനൻ, നിർവാഹക സമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.