thekkinkad

തൃശൂർ : തേക്കിൻകാട് മൈതാനിയിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾ ചത്ത സംഭവത്തിൽ ആശങ്ക വെണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കുരലടപ്പൻ രോഗവുമായി മൂന്നു കന്നുകാലികളും പ്ലാസ്റ്റിക് വയറ്റിൽ നിറഞ്ഞ് ഒരു കന്നുകാലിയുമാണ് ചത്തത്.

ഇത് കൂടുതൽ പശുക്കളിലേക്ക് പകർന്നിരിക്കാനുള്ള സാദ്ധ്യതയും ഉണ്ടെങ്കിലും വലിയ ആശങ്ക ഇല്ലെന്നാണ് അധികൃതരുടെ വാദം. കൂടുതൽ പശുക്കൾ ചത്തതോടെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുരലടപ്പൻ രോഗമാണെന്ന് കണ്ടെത്തിയത്. നെഹ്‌റു പാർക്ക്, തെക്കേ ഗോപൂര നട, മൈതാനത്തെ ബാസ്‌കറ്റ് ബാൾ കോർട്ടിന് സമീപം എന്നിവിടങ്ങളിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കുരിയച്ചിറയിലെ അറവുശാലയിൽ വച്ച് ഡോ. വീണയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ജില്ല ലബോറട്ടറി ഓഫീസർ ഡോ. സുനിതാ കരുണാകരനാണ് രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് എട്ടുമുതൽ 24 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാവുന്ന രോഗം കൂടിയാണിത്. കുരലടപ്പൻ രോഗം പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. നഗരത്തിൽ അലഞ്ഞു തിരിയുന്ന നിരവധി കന്നുകാലികളാണ് ഉള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഗോശാലയിലെ പശുക്കൾക്ക് മുൻകരുതലിന്റെ ഭാഗമായി കുത്തിവെയ്പ് എടുത്തിട്ടുണ്ട്.

രോഗലക്ഷണങ്ങൾ


പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ കന്നുകാലികളെ ഒരു ഷെൽറ്ററിന് കീഴിലാക്കാനുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൂരം ,പുലിക്കളി സമയങ്ങളിൽ നഗരത്തിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കൂട്ടത്തോടെ പാർപ്പിക്കാറ്. എന്നാൽ ഇത് നിലവിൽ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരും മൃഗസ്‌നേഹികളുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും


എം.കെ വർഗീസ്

മേയർ

കന്നുകാലികൾക്ക് പ്രതിരോധ നടപടിയുടെ ഭാഗമായി കുത്തിവയ്പ്പിനുള്ള വാക്‌സിൻ ജില്ലയിൽ ആവശ്യത്തിന് ഏർപ്പെടുത്തി നൽകാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോ.എൻ. ഉഷാറാണി

ചീഫ് വെറ്ററിനറി ഓഫീസർ

കന്നുകാലികൾ ചത്ത സംഭവത്തിൽ ആശങ്ക ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. മേയറെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.

പൂർണ്ണിമ സുരേഷ്

തേക്കിൻകാട് കൗൺസിലർ