madhyam

തൃശൂർ: പീച്ചിയിലെ സഞ്ചരിക്കുന്ന ബാർ എക്‌സൈസ് വലയിലായി. ആൾട്ടോ കാറിൽ മദ്യവിൽപന നടത്തിയ പീച്ചി മണ്ടൻചിറ സ്വദേശി ജോർജാണ് (50) 35.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തൃശൂർ അസി. എക്‌സൈസ് കമ്മിഷണർ വി.എ. സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. ഹരിനന്ദനന്റെ നിർദേശാനുസരണം പ്രിവന്റീവ് ഓഫീസർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജോർജ് ഉപയോഗിക്കുന്ന കോഡ് മനസിലാക്കി മൊബൈലിലേക്ക് വിളിച്ച് കബളിപ്പിച്ചാണ് പിടികൂടിയത്. ഹലോ ഇത് റോംഗ് നമ്പർ ആണോ എന്ന് വിളിക്കുന്ന ആൾ ചോദിച്ചാൽ ജോർജിന് അറിയാം മദ്യം ആവശ്യമുള്ള ആളാണ് വിളിക്കുന്നതെന്ന്. നിങ്ങൾ റോംഗ് നമ്പറിലേക്കാണോ വിളിക്കുന്നത് എന്ന് ജോർജ് തിരിച്ച് ചോദിക്കുമ്പോൾ അതെ റോംഗ് നമ്പറിലേക്കാണ് വിളിക്കുന്നത് എന്ന് വാങ്ങിക്കുന്ന ആൾ പറയും.

അപ്പോൾ മദ്യം വേണ്ടയാൾ എവിടെയാണ് നിൽക്കുന്നത് എന്ന് ചോദിച്ച് മനസിലാക്കി അവിടേക്ക് കാറുമായി ചെല്ലും. പരിസരം നിരീക്ഷിച്ച് ഉറപ്പ് വരുത്തിയ ശേഷം മദ്യം കൊടുത്ത് കാശ് വാങ്ങും. ഏത് ബ്രാൻഡും ഏത് അളവും ജോർജിന്റെ പക്കലുണ്ടാകും. ആവശ്യക്കാർക്ക് അതനുസരിച്ച് കൊടുക്കും.

പലർക്കും വീടുകളിൽ നേരിട്ട് കൊണ്ടുചെന്നും കൊടുത്തിരുന്നതായി ജോർജ് സമ്മതിച്ചു. ഇത് മനസിലാക്കിയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ഈ രീതിയിൽ പറഞ്ഞ് വിശ്വസിപ്പിച്ച് ജോർജിനെ കുടുക്കിയത്. 500 ലിറ്ററിന്റെ വിവിധ ബ്രാൻഡുകളിലുള്ള 59 കുപ്പികളും 1 ലിറ്ററിന്റെ 6 കുപ്പികളും കണ്ടെടുത്തു. മദ്യം വിറ്റ വകയിൽ കിട്ടിയ 6,570 രൂപയും മദ്യം കൊണ്ടുവന്ന ആൾട്ടോ കാറും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ കെ.എം സജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജെയിസൻ ജോസ് വി, സുനിൽ ടി.ആർ, വിനോജ് പി.എ, സിവിൽ എക്‌സൈസ് ഓഫീസർ എ.ജി ഷാജു എന്നിവരുണ്ടായിരുന്നു.