പാവറട്ടി: തോളൂർ മേഞ്ചിറ പടവിൽ ഇനിയും വെള്ളമെത്തിയില്ല. വെള്ളം എത്താത്തതുമൂലം നെൽക്കൃഷി ഉണക്ക ഭീഷണിയിലാണെന്ന് മേഞ്ചിറ പടവ് ഭാരവാഹികൾ പറഞ്ഞു. ചിമ്മിണി ഡാമിൽ നിന്നും തുറന്നു വിട്ട വെള്ളം പൂർണ്ണ തോതിൽ പടവിൽ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പടവിലെ ഉണക്ക ഭീഷണി നേരിടന്ന സ്ഥലങ്ങൾ തോളൂർ കൃഷി ഓഫീസർ വിനേഷ് കുമാറും അസിസ്റ്റന്റ് കൃഷി ഓഫീസർ ലുധീഷും സന്ദർശിച്ചു. വെള്ളം അടിയന്തരമായി എത്തിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ കൃഷി ഓഫീസർ നൽകി.
പറപ്പൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള മേഞ്ചിറ പടവിൽ വെള്ളത്തിന്റെ ലഭ്യത ഇല്ലാത്തതിനാൽ ഉണക്ക ഭീഷണി ഇല്ല എന്ന ബാങ്ക് പ്രസിഡന്റിന്റെ നിലപാടിൽ പടവ് കമ്മിറ്റിയും കർഷകരും പ്രതിഷേധിച്ചു. ബാങ്ക് പ്രസിഡന്റിന്റെ ഓഫീസിൽ നേരിട്ടെത്തി കർഷകർ പ്രതിഷേധം അറിയിച്ചു. മേഞ്ചിറ പടവിലെ നെൽക്കൃഷി വെള്ളം കിട്ടാതെ നശിച്ചാൽ പൂർണ്ണ ഉത്തരവാദിത്വം സഹകരണ ബാങ്കിനാണെന്ന് പടവ് കമ്മിറ്റി ഭാരവാഹികളായ വി.കെ. രഘുനാഥൻ, കെ. കുഞ്ഞുണ്ണി, സിദ്ധാർത്ഥൻ ആനേടത്ത്, വി.എൻ. മുരളീധരൻ എന്നിവർ പറഞ്ഞു.
ചിമ്മിണി ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടുന്നതിനും കെ.എൽ.ഡി.സി കനാലിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി അനിൽ അക്കര എം.എൽ.എയും തോളൂർ പഞ്ചായത്ത് പ്രസിഡന്റും ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പടവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.