പുതുക്കാട്: നന്തിപുലം മങ്ങാട്ടുപാടത്ത് നെൽക്കൃഷി വെള്ളത്തിലായ സംഭവത്തിൽ പഞ്ചായത്ത് ഇടപെടൽ. പാടത്ത് കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാൻ തോടുകൾ ശുചീകരിച്ചുതുടങ്ങി. ഒഴുക്കി കളയുന്ന വെള്ളം ഊറാംകുളം ലിഫ്റ്റ് ഇറിഗേഷൻ വഴി ജലസേചനത്തിന് ഉപയോഗിക്കാനും പഞ്ചായത്ത് നടപടി സ്വീകരിച്ചു. കോൾ കർഷകരുടെ ആവശ്യം പരിഗണിച്ച് ചിമ്മിനി ഡാമിൽ നിന്നും കൂടുതൽ അളവിൽ വെള്ളം തുറന്നുവിടുന്നതാണ് പ്രധാന പ്രശ്‌നമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് അറിയിച്ചു. കുണ്ടുകടവ് കാനത്തോട് ചിറയുടെ പുറംകഴയുണ്ടായിരുന്ന ഭാഗത്ത് റോഡ് ഇടിഞ്ഞിരുന്നു. ഇവിടെ പുഴയോരം കെട്ടി സംരക്ഷിച്ചതിലെ അശാസ്ത്രീയതയാണ് പുറംകഴ പുതുതായി നിർമ്മിക്കാൻ കാരണമായത്. ചിറ നിർമ്മിച്ച ശേഷം ജലസേചന വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പുറംകഴ നിർമ്മിച്ചതെന്നും പ്രസിഡന്റ് വിശദീകരിച്ചു. പുതിയ സാഹചര്യത്തിൽ ചിമ്മിനി ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, അംഗങ്ങളായ ഷാജു കാളിയേങ്കര, രതി ബാബു, പ്രീതി ബാലകൃഷ്ണൻ, രശ്മി ശ്രീഷോബ് എന്നിവർ നേതൃത്വം നൽകി.