
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് രൂപം നൽകാനും ആർ.എസ്.എസ്, ഹൈന്ദവ സംഘടനകൾ, മതസാമുദായിക നേതൃത്വം എന്നിവയുമായുള്ള ബന്ധം ഉറപ്പിക്കാനും ലക്ഷ്യമിട്ട് തൃശൂരിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് ഉജ്ജ്വല സ്വീകരണവുമായി നേതാക്കളും പ്രവർത്തകരും.
140 നിയോജകമണ്ഡലങ്ങളിലെ കൺവീനർമാരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് നദ്ദ ആദ്യം പ്രസംഗിച്ചത്. ദേശീയ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ആദ്യമായി കേരളത്തിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹം തൃശൂരിൽ നിന്ന് മടങ്ങിയത്.
അതേസമയം, പാർട്ടി പുന:സംഘടനയ്ക്ക് ശേഷം യോഗങ്ങളിൽ പങ്കെടുക്കാതെ ഇടഞ്ഞു നിന്നിരുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ഇന്നലെ യോഗത്തിനെത്തി. ഇനിയും വിട്ടുനിൽക്കരുതെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതിനെ തുടർന്നാണിത്. സംഘടനാ തലത്തിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകണമെന്നും, യോഗത്തിനെത്തിയില്ലെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ലെന്നുമുള്ള കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചിരുന്നു. സംഘടനാ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ ശോഭയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു.
നദ്ദയെ നേരിൽക്കണ്ട് കാര്യങ്ങൾ സംസാരിക്കാനുള്ള അവസരം ശോഭ തേടിയെങ്കിലും അത് ലഭിച്ചില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത ശേഷം തുടർചർച്ചകളാവാമെന്നാണ് തീരുമാനം. മുതിർന്ന വനിതാ നേതാവെന്ന നിലയിൽ സംസ്ഥാന കോർ കമ്മിറ്റിയിൽ ശോഭയെ ഉൾപ്പെടുത്തിയേക്കും.
''ദേശീയ അദ്ധ്യക്ഷൻ പങ്കെടുക്കുന്ന യോഗത്തിൽ ഞാൻ പങ്കെടുക്കുന്നു. എന്റെ സുഹൃത്തുക്കളും സംഘടനയും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. അഖിലേന്ത്യാ അദ്ധ്യക്ഷൻ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടതില്ലല്ലോ''-.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി യോഗം:
സ്ഥാനാർത്ഥി നിർണയം
ചർച്ചയായില്ല
തിരുവനന്തപുരം: ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്തും തൃശൂരിലും നടന്ന ബി.ജെ.പി നേതൃയോഗങ്ങളിൽ പ്രധാനമായും ചർച്ചയായത് തിരഞ്ഞെടുപ്പിനുള്ള സംഘടനാ സംവിധാനമൊരുക്കൽ. സ്ഥാനാർത്ഥികളെക്കുറിച്ചോ, പ്രധാന നേതാക്കൾ എവിടെ മത്സരിക്കണമെന്നതിനെ ക്കുറിച്ചോ രണ്ടു ദിവസവും ചർച്ചചെയ്തില്ല. തിരുവനന്തപുരത്ത് 3ന് സംസ്ഥാന കോർ കമ്മിറ്റിയും തൃശൂരിൽ ഇന്നലെ മണ്ഡലം കൺവീനർമാരുടെ യോഗവുമാണ് നടന്നത്. സ്ഥാനാർത്ഥി ആരായാലും ഇപ്പോൾ സംഘടനാ സംവിധാനം ശക്തമാക്കിയാൽ മതിയെന്നാണ് പാർട്ടി അദ്ധ്യക്ഷനും സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും വ്യക്തമാാക്കിയത്.
തിരഞ്ഞെടുപ്പിൽ ബി.ജെ പിയെ സഹായിക്കാൻ ആർ.എസ്.എസും മറ്റ് പരിവാർ സംഘടനകളും സജീവമായി രംഗത്തിറങ്ങും .ജെ.പി. നദ്ദയുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാനത്തെ സംഘപരിവാർ സംഘടനാ നേതാക്കളുടെ യോഗവും ഇന്നലെ നടന്നു. സംഘടനാപരമായ പരിമിതികൾ ഉള്ളതിനാൽ വ്യക്തിപരമായിട്ടായിരിക്കും ഇവർ പ്രവർത്തനത്തിനിറങ്ങുക. അതത് സംഘടനകളുടെ പേരോ കൊടിയോ ഉപയോഗിക്കില്ല'. 57 സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലും ജെ.പി.നദ്ദ ഇന്നലെ പങ്കെടുത്തിരുന്നു.