bjp

തൃശൂർ: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകാനും നിയാേജക മണ്ഡലങ്ങളിലെ ജനവികാരം ഉൾക്കൊള്ളാനുമായി പ്രഭാരിമാരെ നിയോഗിച്ച് ബി.ജെ.പി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെയും കർണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വധ് നാരായണനെയും പ്രഭാരിമാരായി കേരളത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.

കേരളപ്രഭാരി സി.പി. രാധാകൃഷ്ണനും സഹപ്രഭാരി സുനിൽകുമാർ എം.എൽ.എയ്ക്കും (കർണാടക) പുറമേയാണിത്. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും മേൽനോട്ടം വഹിക്കാനുണ്ടാകും.

സി.പി. രാധാകൃഷ്ണൻ എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്ര ചെയ്ത് പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം സ്വരൂപിക്കും. അതിന് ശേഷമാകും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുക. ഇതിൽ പ്രഭാരിമാരുടെ അഭിപ്രായം നിർണായകമാകും.

മിഷൻ കേരള

പ്രഭാരിമാരെ നിയോഗിക്കുന്നത് അടക്കമുള്ള നീക്കങ്ങൾ ഭരണം പിടിക്കാനുള്ള 'മിഷൻ കേരള'യുടെ ഭാഗമാണ്. ഇതിന് തന്ത്രം മെനയാനാണ് ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ തൃശൂരിലെത്തിയത്. നിയോജക മണ്ഡലം ചുമതല ഇല്ലാത്ത സംസ്ഥാന ഭാരവാഹികളും മോർച്ച അദ്ധ്യക്ഷൻമാരും ജില്ലാ അദ്ധ്യക്ഷന്മാരുമടക്കം അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ എ ക്ലാസ് ആയി നിശ്ചയിച്ച അറുപത് നിയോജകമണ്ഡലം പ്രതിനിധികളുമായി പ്രത്യേകം ആശയവിനിമയം നടത്തി.