
തൃശൂർ: രണ്ട് തവണ മത്സരിച്ചവർ മത്സരിക്കേണ്ടായെന്ന തീരുമാനം സി.പി.എം കടുപ്പിച്ചാൽ മന്ത്രി സി. രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ മാറി നിൽക്കേണ്ടി വന്നേക്കും. പുതുക്കാട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി സി. രവീന്ദ്രനാഥ്, ചാലക്കുടി എം.എൽ.എ ബി.ഡി ദേവസി, ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ എന്നിവർക്ക് സീറ്റ് ലഭിച്ചേക്കില്ല.
മന്ത്രി എ.സി മൊയ്തീൻ മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും 2011ൽ മാറി നിന്നതിനാൽ അദ്ദേഹത്തിന് ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്. നേരത്തെ രണ്ട് തവണ വടക്കാഞ്ചേരിയെ പ്രതിനിധീകരിച്ച എ.സി മൊയ്തീൻ കഴിഞ്ഞ തവണ കുന്നംകുളം മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി. രവീന്ദ്രനാഥ് തന്നെ ഒഴിവാക്കണമെന്ന ആവശ്യം നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്. കോൺഗ്രസ് ജയിച്ച് കയറിയിരുന്ന ചാലക്കുടി സീറ്റ് ബി.ഡി ദേവസിയിലൂടെയാണ് സി.പി.എം പിടിച്ചെടുത്തത്. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ഇവിടെ നിന്ന് ജയിച്ച ബി.ഡി ദേവസിയെ ഇത്തവണ മാറ്റിയാൽ സീറ്റ് നഷ്ടപ്പെടുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അങ്ങനെ വന്നാൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫിനെ പരിഗണിച്ചേക്കാം. ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെന്ന നിലയിൽ ബി.ഡി ദേവസിയെ തന്നെ വീണ്ടും പ്രത്യേക ഇളവ് നൽകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. പുതുക്കാട് കെ.കെ രാമചന്ദ്രനെ പരിഗണിച്ചേക്കും. ഗുരുവായൂരിലും ലീഗിൽ നിന്ന് കെ.വി അബ്ദുൾ ഖാദർ 2006 ൽ ആണ് സീറ്റ് പിടിച്ചെടുത്തത്.
ഇവർ രണ്ട് പേരും മാറുമെന്ന കാര്യത്തിൽ തീരുമാനമായതായി അറിയുന്നു.
മന്ത്രി മൊയ്തീൻ കുന്നംകുളത്ത് നിന്ന് തന്നെ ഇത്തവണയും മത്സരിച്ചേക്കും. മണലൂരിൽ മുരളി പെരുനെല്ലി രണ്ട് തവണ എം.എൽ.എയായിട്ടുണ്ടെങ്കിലും ഇടവേള വന്നിട്ടുള്ളതിനാൽ ഇത്തവണ വീണ്ടും രംഗത്ത് ഉണ്ടായേക്കും. ഇരിങ്ങാലക്കുടയിൽ പ്രൊഫ. കെ.യു അരുണൻ, ചേലക്കരയിൽ പ്രദീപ് കുമാർ എന്നിവർ ആദ്യമായി മത്സരിച്ചവരാണ്. ഇതിൽ പ്രദീപിനെ സി.പി.എം വീണ്ടും പരിഗണിക്കുമ്പോൾ ഇരിങ്ങാലക്കുടയിൽ കെ.യു അരുണന് പകരം മറ്റൊരാളെ പരീക്ഷിക്കാൻ സാദ്ധ്യതയുള്ളതായി അറിയുന്നു.