തൃശൂർ: ദേശീയ, അന്തർദേശീയ ഫോട്ടോ ജേണലിസ്റ്റുകൾ പകർത്തിയ ഡൽഹി കർഷകപ്രക്ഷോഭത്തിന്റെ വാർത്താചിത്രങ്ങളുടെ പ്രദർശനം ജയ് കിസാൻ ഇമേജ് ഇന്ന് സമാപിക്കും. തൃശൂർ പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാഡമി, തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ നിർവഹിച്ചു.
ഭൂമി മാത്രം കൈമുതലായുള്ള കർഷകർ കർഷക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുമ്പോൾ കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോപ്രദർശനത്തിന് പ്രസക്തിയേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമരവേദിയിൽ നിന്നുള്ള നേർക്കാഴ്ചകളായി ഫോട്ടോപ്രദർശനം മാറുമെന്നും കെ.പി. മോഹനൻ പറഞ്ഞു. കേവലം 16 ദിവസം കൊണ്ട് പാസാക്കിയെടുത്ത കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷനായി. ലളിതകലാ അക്കാഡമി സെക്രട്ടറി പി.വി. ബാലൻ, ലളിതകലാ അക്കാഡമി മനേജർ സുഗതകുമാരി, മീഡിയ അക്കാഡമി അസിസ്റ്റന്റ് സെക്രട്ടറി കല, പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോപ്രദർശനം ഓൺലൈനിൽ കാണാനുള്ള സംവിധാനവും മീഡിയ അക്കാദമി ഒരുക്കിയിട്ടുണ്ട്. http://keralamediaacademy.org/kisan-photo-exhibition/ എന്ന വെബ്‌സൈറ്റിൽ ഫോട്ടോ പ്രദർശനം കാണാം.