തൃശൂർ: അമൃത് പദ്ധതിയിൽ പീച്ചിയിൽ പുതിയ ജല ശുദ്ധീകരണ പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതോടെ 200 ലക്ഷം ലിറ്റർ അധികജലം തൃശൂർ നഗരത്തിൽ എത്തുമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്നുമുള്ള മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കബളിപ്പിക്കലാണെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ.ജെ. പല്ലൻ.
അമൃതം പദ്ധതിയും മാസ്റ്റർ പ്ലാൻ പരിഷ്‌കരണങ്ങളും ഉൾപ്പെടെ സർവ വികസന മേഖലകളിൽ നിന്നും അഞ്ചുവർഷം ഇരുട്ടിൽ നിറുത്തിയ എം.എൽ.എയെ കോർപറേഷൻ സി.പി.എം നേതൃത്വവും വാട്ടർ അതോറിറ്റിയും നുണ പറഞ്ഞ് പറ്റിക്കുകയാണ്. വസ്തുതാന്വേഷണത്തിന് എം.എൽ.എ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പീച്ചിയിൽ നിന്നും 700, 600 എം.എം പൈപ്പ് ലൈനുകളിലൂടെ യഥാക്രമം 360 ലക്ഷം, 145 ലക്ഷം ലിറ്റർ വീതം 505 ലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം നഗരത്തിലെത്തുന്നത്. 200 ലക്ഷം ലിറ്റർ വെള്ളം കൂടി അധികമായി എത്തിയാൽ ഒല്ലൂരും ഒല്ലൂക്കരയും ഉൾപ്പെടെ കോർപ്പറേഷന്റെ മുഴുവൻ മേഖലകളിലും 24 മണിക്കൂറും സമൃദ്ധിയായി ജലവിതരണത്തിന് പര്യാപ്തമാകും.
എന്നാൽ 200 ലക്ഷം ലിറ്റർ അധിക ജലം എങ്ങനെ നഗരത്തിലെത്തുമെന്ന് മന്ത്രി വ്യക്തമാക്കണം. പുതിയ ശുദ്ധീകരണ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന അധികജലം തൃശൂരിൽ എത്തിക്കാൻ പുതിയ പൈപ്പിട്ടിട്ടില്ല എന്നതാണ് 140 കോടി ചെലവഴിച്ച അമൃതം പദ്ധതിയിലെ വലിയ വീഴ്ചയെന്നും രാജൻ പല്ലൻ ചൂണ്ടിക്കാട്ടി. ജല അതോറിറ്റിയിൽ നിന്നും ജലവിതരണ പദ്ധതി പൂർണമായും തിരിച്ചുപിടിക്കാനുള്ള കൗൺസിൽ തീരുമാനം നടപ്പാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.