
തൃശൂർ: സ്വർണക്കടത്ത്, സോളാർ അഴിമതികളിലൂടെ കേരളത്തിന് അപമാനമുണ്ടാക്കിയ എൽ.ഡി.എഫിനും യു.ഡി.എഫിനും വിശ്രമം കൊടുക്കണമെന്നും, കേരളം ഭരിക്കേണ്ടത് ഇനി ബി.ജെ.പിയാണെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് വടക്കുന്നാഥ മൈതാനത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായിക്ക് സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കുകയായിരുന്നുവെങ്കിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് താത്പര്യം സോളാർ തട്ടിപ്പിനോടായിരുന്നു. ഈ അഴിമതികളുടെയെല്ലാം പിന്നിൽ സ്ത്രീകളുടെ നിഴലുണ്ട്. ലൈംഗികാരോപണത്തിന്റെ പേരിൽ മാറിനിന്ന ഉമ്മൻചാണ്ടിയെയാണ് കോൺഗ്രസ് നേതാവായി ഉയർത്തിക്കാണിക്കുന്നത്. പാലം വിഴുങ്ങികളാണ് യു.ഡി.എഫ് നേതാക്കൾ. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിൽ യു.ഡി.എഫിന്റെ മന്ത്രിയും എം.എൽ.എയുമെല്ലാമായിരുന്നു. നിയമസഭാ സ്പീക്കർ ആ സ്ഥാനത്തിന് തന്നെ അവമതിപ്പുണ്ടാക്കി.
ഒന്നിനും കൊള്ളാത്ത ഇടത് സർക്കാരിന്റെ ഭരണകാലത്ത് സ്ത്രീ - ദളിത് പീഡനവും പൊലീസ് അതിക്രമവും കൂടി. മനുഷ്യന്റെ വേദന മനസിലാക്കുന്ന പ്രധാനമന്ത്രിയാണ് മോദി. പുറ്റിങ്ങൽ അപകടമുണ്ടായപ്പോൾ മോദി അപകടസ്ഥലത്തെത്തി. കേരളത്തോട് എൻ.ഡി.എ സർക്കാരിന് പ്രത്യേക കരുതലും ബഡ്ജറ്റിൽ വ്യക്തമാണ്. ഇനി 'കമല'ത്തിന് (താമരയ്ക്ക്) കേരളം ആശീർവാദം നൽകണം. ശബരിമലയിൽ അയ്യപ്പ വിശ്വാസികളെ പിറകിൽ നിന്ന് കുത്തിയവരാണ് എൽ.ഡി.എഫ്. കോൺഗ്രസ് വിഷയത്തിൽ മൗനം പാലിച്ചപ്പോൾ, കൃത്യമായ നിലപാട് സ്വീകരിച്ചത് ബി.ജെ.പി മാത്രമാണെന്നും നദ്ദ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി, കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണൻ, ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ്, കേരളത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽ കുമാർ, നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, കെ.വി. ശ്രീധരൻ മാസ്റ്റർ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, ജോർജ്ജ് കുര്യൻ, പി. സുധീർ, എ.എൻ. രാധാകൃഷ്ണൻ, സി. കൃഷ്ണകുമാർ, എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറി ടി.എസ്. ഉല്ലാസ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ഒറ്റക്കെട്ടായി നിന്നാൽ ഭരണം പിടിക്കാം: നദ്ദ
തൃശൂർ: ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിൽ ഭരണം പിടിക്കാനാവുമെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, 140 നിയോജക മണ്ഡലങ്ങളിലെയും പ്രസിഡന്റുമാർ, കൺവീനർമാർ എന്നിവരുടെ യോഗത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ പറഞ്ഞു. ബൂത്ത് തലം മുതൽ ഒന്നായി പ്രവർത്തിക്കണം. പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങൾ ഓരോ വീടുകളിലും എത്തിക്കണം. എൻ.ഡി.എ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലെത്തിക്കാനുള്ള പരിശ്രമമാണ് ആദ്യം വേണ്ടത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തകർച്ചയിലാണ്. ഒരുകൂട്ടർ അഴിമതിയിൽ മുങ്ങി നിൽക്കുമ്പോൾ മറ്റേ കൂട്ടർ പല കാരണങ്ങളിലും പെട്ട് ഉഴലുകയാണ്. രണ്ട് മുന്നണികളും ചേർന്ന് ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നും നദ്ദ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.എൽ.സന്തോഷ്, കർണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വന്ത് നാരായണൻ, സി.പി.രാധാകൃഷ്ണൻ,സുനിൽകുമാർ എം.എൽ.എ (കർണാടക), എ.പി.അബ്ദുള്ളകുട്ടി, എം.ടി രമേശ്, എ.നാഗേഷ്, കെ.കെ.അനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.