കൊടകര: നന്തിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് നടക്കും. സർക്കാർ പ്ലാൻ ഫണ്ട് രണ്ട് കോടി രൂപ ഉപയോഗിച്ച് കോടാലി ഗവ. എൽ.പി സ്‌കൂളിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി ആറിന് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിലൂടെ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. നന്തിക്കര സ്‌കൂളിൽ ഫലകം അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിക്കും.
വാർത്താ സമ്മേളനത്തിൽ നന്തിക്കര സ്‌കൂളിന് വേണ്ടി സംഘാടക സമിതി ചെയർമാൻ ഇ.കെ. അനൂപ്, കൺവീനർ കെ.ആർ. അജിത, സി.എം. ഷാലി, എസ്.എം.സി ചെയർമാൻ എം.ആർ. ഭാസ്‌കരൻ എന്നിവരും കോടാലി ജി.എൽ.പി സ്‌കൂളിന് വേണ്ടി സംഘാടക സമിതി ചെയ്യർപേഴ്‌സൺ വി.ബി. അശ്വതി, ജനറൽ കൺവീനർ ജോസ് മാത്യു, സ്വീകരണ കമ്മിറ്റി ചെയർമാൻ കെ.എസ്. സൂരജ്, കൺവീനർ കെ.എച്ച്. ഹനീഷ്, പബ്ലിസിറ്റി കൺവീനർ പി.എസ്. പ്രശാന്ത് എന്നിവരും പങ്കെടുത്തു.