party

തൃശൂർ : കേരളത്തിൽ ത്രിപുര, ബംഗാൾ തന്ത്രം പയറ്റണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ സംഘപരിവാർ നേതാക്കൾ ഉന്നയിച്ചു. ത്രിപുരയിൽ ഭരണം പിടിക്കുന്നതിനും ബംഗാളിൽ കരുത്തുറ്റ ശക്തിയാക്കാനും പരിശ്രമിച്ചവരെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. ഇതോടെ ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയിൽ ചേർന്ന സി.പി.എം നേതാക്കളെ കേരളത്തിലും രംഗത്തിറക്കാനുള്ള സാദ്ധ്യതയേറി. കേരളം ബി.ജെ.പിക്ക് ബാലികേറാമലയല്ലെന്നും കരുത്തുറ്റ പ്രവർത്തനം കാഴ്ച്ചവെച്ചാൽ ഭരണം പിടിക്കാമെന്നും ആർ.എസ്.എസിന്റെ അടക്കമുള്ള നേതാക്കൾ അഭിപ്രായപ്പെട്ടു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് ജെ.പി നദ്ദ ആമുഖ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. തുടർന്ന് ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളിലെ ആറു നേതാക്കളാണ് ഇതിനും മറുപടിയായി സംസാരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ മുഴുവൻ സന്നാഹങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന വാഗ്ദാനവും നേതാക്കൾ നദ്ദയ്ക്ക് ഉറപ്പ് നൽകി. ഒരു മണിക്കൂർ നേരമാണ് അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. ആദ്യമായാണ് ബി.ജെ.പി നേതൃത്വവുമായി സംഘപരിവാറിന്റെ മുഴുവൻ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം നടക്കുന്നത്. നേരത്തെ ആർ.എസ്.എസിന്റെ മുതിർന്ന നേതാക്കൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. 42 സംഘടനാ നേതാക്കളാണ് ഇന്നലെ തൃശൂരിലെ യോഗത്തിൽ പങ്കെടുത്തത്. ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ ഒഴിച്ച് പ്രമുഖ നേതാക്കളെല്ലാം എത്തി. ആർ.എസ്.എസ് പ്രാന്ത സംഘചാലക് എൻ. ബലറാം, പ്രാന്ത പ്രചാരക് അഡ്വ. ഹരികൃഷ്ണൻ, സഹ പ്രാന്ത പ്രചാരക് എ. വിനോദ്, കെ.എസ് സുദർശൻ, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണൻ, പി.എൻ ഈശ്വരൻ, വിവിധ സംഘപരിവാർ സംഘടനകളെ പ്രതിനീധികരിച്ച് അഡ്വ.സി.കെ സജി നാരായണൻ, വി. രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ,(ബി.എം.എസ്), ബി.ആർ ബലരാമൻ (വി.എച്ച്.പി), ആർ.വി ബാബു, കെ.പി ഹരിദാസ്, വി. ബാബു (ഹിന്ദു ഐക്യവേദി), എൻ.സി.പി രാജഗോപാൽ (വിദ്യാഭാരതി), ഡോ. അരുൺ, വരുൺ (എ.ബി.വി.പി) , എം. മോഹൻദാസ് (ഭാരാതീയ വിചാര കേന്ദ്രം) തുടങ്ങി വിവിധ സംഘടനകളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചർച്ചയിൽ പങ്കെടുത്തു.