ഗുരുവായൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ദേവസ്വം താലപ്പൊലി ഇന്ന്. പൂജകൾ നേരത്തെ പൂർത്തിയാക്കി ഗുരുവായൂരപ്പന്റെ ക്ഷേത്രനട 12ന് മുൻപായി അടയ്ക്കും. തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ ഭഗവതിയുടെ എഴുന്നളളിപ്പ് തുടങ്ങും. വാദ്യകലാകാരന്മാരുടെ എണ്ണം കുറയും. ക്ഷേത്രത്തിൽ തന്നെ പഞ്ചവാദ്യം അവസാനിപ്പിക്കും.

തുടർന്ന് ക്ഷേത്രത്തിനു പുറത്ത് നടപ്പന്തലിൽ ചെണ്ടയുടെ അകമ്പടിയിൽ ഭഗവതി എഴുന്നള്ളും. നടയ്ക്കൽപ്പറയ്ക്ക് ശേഷം തീർത്ഥക്കുളം പ്രദക്ഷിണം വച്ച് ചടങ്ങ് പൂർത്തിയാക്കും. രാത്രി എഴുന്നള്ളിപ്പിനു ശേഷം കളംപാട്ട് നടക്കും. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ആഘോഷം ഒഴിവാക്കി ചടങ്ങു മാത്രമായാണ് താലപ്പൊലി നടത്തുന്നത്. ധനു ഒന്നിന് ആരംഭിച്ച ഭഗവതിയുടെ കളംപാട്ടിന് താലപ്പൊലിയോടെ ഇന്ന് സമാപനമാകും.