കാഞ്ഞാണി: കണ്ടശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിടം ഒന്നാം ഘട്ട ഉദ്ഘാടനം ആറിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ധനമന്ത്രി തോമസ് ഐസക്, ടി.എൻ പ്രതാപൻ എം.പി എന്നിവർ മുഖ്യാതിഥികളാകും. മണലൂർ മണ്ഡലത്തിലെ രണ്ട് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. 4.12 കോടി പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം ഘട്ടം 2.70 കോടി രൂപയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

നിലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറി, നാല് ലാബുകൾ, ലൈബ്രറി, പ്രിൻസിപ്പൽ ഓഫീസ്, പ്രധാന അദ്ധ്യാപക ഓഫീസ്, രണ്ട് സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവ ഉൾപ്പെടുന്നു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ സുർജിത്ത്, പി.ടി.എ പ്രസിഡന്റ് നെൽസൺ വി. മാത്യു, പ്രിൻസിപ്പൽ എ.സി ജയലക്ഷ്മി, പ്രധാന അദ്ധ്യാപിക ഇൻ ചാർജ് കെ.വി ഷീല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.