mmmmm

കാഞ്ഞാണി: ആലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി എത്തിയ ആരോഗ്യ പ്രവർത്തകർക്ക് നിരാശരായി മടങ്ങേണ്ടി വന്നതായി പരാതി. മണലൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന 70 അംഗ സംഘത്തിന് പോർട്ടലിൽ പേരില്ലെന്ന കാരണത്താൽ വാക്‌സിനേഷൻ ലഭിച്ചില്ല.

മണലൂർ സഹകരണ ആശുപത്രി, കാഞ്ഞാണി രാജമാലിക ആശുപത്രി, കാഞ്ഞാണി സെൻട്രൽ ലാബ് എന്നിവിടങ്ങളിലെ ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച ഹെൽത്ത്‌ സെന്ററിൽ നിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് മണലൂരിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരായ സംഘത്തെ കുത്തിവയ്പ്പിനായി അയച്ചതെന്നാണ് മണലൂർ ഹെൽത്ത് ഇൻസ്പക്ടർ ബിമൽ കുമാർ പറയുന്നത്. എന്നാൽ മുൻനിശ്ചയിച്ച പ്രകാരം പോർട്ടലിൽ പേര് വന്നിട്ടും കുത്തിവയ്പ്പിന് എത്താത്തവരുടെ പകരമായി കയറ്റാവുന്ന രീതിയിൽ ആരോഗ്യ പ്രവർത്തകരെ അയക്കണമെന്ന നിർദ്ദേശമാണ് ആലപ്പാട് ആരോഗ്യ ബ്ലോക്കിൽ നിന്ന് കൊടുത്തതെന്നാണ് അവരുടെ വിശദീകരണം. നാല് മാസം മുമ്പ് ഡി.എം.ഒ ഓഫീസിന് കീഴിലുള്ള കൊവിഡ് ജാഗ്രതയിൽ മണലൂരിൽ നിന്നുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും പേര് രജിസ്റ്റർ ചെയ്തിരുന്നു.

മാനദണ്ഡങ്ങൾക്കും, മുൻഗണനാക്രമങ്ങൾക്കുമനുസരിച്ച് കുത്തിവയ്പ്പിനുള്ള ദിവസവും സമയവും ഓരോരുത്തരുടെയും മൊബൈലിൽ അറിയിക്കുന്ന സംവിധാനമാണ് നിലനിൽക്കുന്നത്. ഈ സംവിധാനത്തിന് പുറത്തുണ്ടായ ചില നീക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് സൂചന.