
തൃശൂർ: രാത്രി കാലങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും കൊതുക് ശല്യവും തൃശൂർ നഗരവാസികളുടെ ഉറക്കം കെടുത്തുന്നു. കൊതുക് ശല്യവും ചൂടിന്റെ ആധിക്യവും നഗരവാസികളുടെ ഉറക്കമില്ലാതാക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളാകുന്നു.
വേനൽ കനത്തതോടെയാണ് രാത്രികാലങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നത്. മിക്ക ദിവസങ്ങളിലും രാത്രി എട്ടോടെ 30 ഡിഗ്രി ചൂടാണ് നഗരപ്രദേശങ്ങളിൽ. പിന്നീട് 10 മണിയിലെത്തുമ്പോൾ 32 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്നു. പുലർച്ചെ 4 മണിയോടെയാണ് ചൂടിന് കുറവുണ്ടാകുന്നത്. ഇതോടെ നേരിയ തോതിൽ മഞ്ഞും അനുഭവപ്പെടും.
ചൂടിനൊപ്പം കൊതുക് ശല്യവും നഗരവാസികളെ ദുരിതത്തിലാക്കുന്നുണ്ട്. പകൽ സമയങ്ങളിൽ പോലും കൊതുക് ശല്യം രൂക്ഷമാണ്. നഗരത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതാണ് കൊതുകുകൾ പെറ്റ് പെരുകാൻ പ്രധാനമായും കാരണമാകുന്നത്. നഗരത്തിലെ അഴുക്കുചാലുകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ പലതും മണ്ണും ചെളിയും വന്നടിഞ്ഞ് അടഞ്ഞ നിലയിലാണ്. അഴുക്ക് ചാലുകളിൽ ഭക്ഷണ അവശിഷ്ടങ്ങളുൾപ്പെടെ വന്നടിയുന്നതും കൊതുക് ശല്യത്തിന് ആക്കം കൂട്ടുന്നുണ്ട്. കൊതുക് ശല്യം രൂക്ഷമാകുമ്പോൾ തൃശൂർ കോർപറേഷൻ കീടനാശിനി സ്‌പ്രേ പ്രയോഗം നടത്താറുണ്ടെങ്കിലും ഇത്തവണ അതും ഉണ്ടായിട്ടില്ല. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുകയും നഗരത്തിലെ അഴുക്കുചാലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കുകയും ചെയ്താൽ കൊതുക് ശല്യം ഒരു പരിധി വരെ കുറയ്ക്കാനാകും.
കൊതുകുകളെ തുരത്താനുള്ള ആദ്യ നടപടിയായി ഫോഗിംഗ് ആരംഭിച്ചിട്ടുണ്ട്. മലാസിയം ലായനി സ്‌പ്രേ ചെയ്ത് കൊതുകുകളെ തുരത്താനുള്ള നടപടികളും നടന്നുവരുന്നുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന ഓടകളിലെ വെള്ളം ഒഴുക്കി കളയാൻ ചാലുകൾ വെള്ളമടിച്ച് വൃത്തിയാക്കുന്ന ജോലികളും ഉടൻ തുടങ്ങും. അതിന് പിറകെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിക്കും.
എം.കെ വർഗീസ്
തൃശൂർ കോർപറേഷൻ മേയർ