satwana-sparsam

ഇരിങ്ങാലക്കുട: ഒട്ടേറെ വികസന പ്രവർത്തനം നടത്തി അഞ്ച് വർഷം കൊണ്ട് സർക്കാർ മികച്ചൊരു ഭാവി കേരളത്തെ കെട്ടിപ്പടുത്തുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ. മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകളിലെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ക്രൈസ്റ്റ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ വികസനത്തിൽ താഴെ തട്ടിലുള്ള ജനങ്ങളെയും പങ്കാളികളാക്കാനായി. സാമൂഹികക്ഷേമം അടിസ്ഥാനമാക്കി എല്ലാ മേഖലയിലും സർക്കാർ വികസന പ്രവർത്തനം നടത്തി. താഴെത്തട്ടിലുള്ളവർക്ക് ഇത് ഏറെ നേട്ടമുണ്ടാക്കി. പരിഹരിക്കാൻ കഴിയാത്തവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചുവെന്നത് സർക്കാരിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ സുനിൽകുമാർ, ഇ.ടി ടൈസൺ മാസ്റ്റർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കളക്ടർ എസ്. ഷാനവാസ്, റവന്യൂ ഡിവിഷണൽ ഓഫീസർ സി. ലതിക തുടങ്ങിയവർ പങ്കെടുത്തു. എം.പിമാരായ ടി.എൻ പ്രതാപൻ, ബെന്നി ബെഹനാൻ എന്നിവർ ആശംസ സന്ദേശം അറിയിച്ചു. കൊടുങ്ങല്ലൂർ താലൂക്കിൽ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, ചാലക്കുടി താലൂക്കിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ, മുകുന്ദപുരം താലൂക്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിങ്ങനെയാണ് പരാതികൾ പരിഹരിച്ചത്. ഓൺലൈൻ പരാതികളും നേരിട്ടുള്ള പരാതികളും അദാലത്തിൽ സ്വീകരിച്ചു.

ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്,

വനജയ്ക്കും മകൾക്കും തുണയായി സാന്ത്വനസ്പർശം


ഇരിങ്ങാലക്കുട: താമസിക്കുന്നയിടത്തിൽ വെളിച്ചമെത്തുമെന്ന ആഹ്ലാദത്തിലാണ് ചാലക്കുടി സ്വദേശിനി എഴുപത്തിയേഴുകാരി എളയേടത്ത് വനജയും മകൾ വിജിയും. ആഹ്ലാദത്തിലേക്കുള്ള വഴി തെളിച്ചത് സാന്ത്വന സ്പർശം അദാലത്തും. താമസിക്കുന്ന കെട്ടിടത്തിന് വൈദ്യുതി ലഭ്യമാക്കണമെന്ന പരാതിയുമായാണ് സാന്ത്വന സ്പർശം അദാലത്തിൽ എ.സി മൊയ്തീന്റെ അടുത്തേക്ക് വനജയെത്തിയത്.

ചാലക്കുടി മുൻസിപ്പൽ സെക്രട്ടറിയോടും പൊലീസിനോടും കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. 15 വർഷം മുമ്പ് ചാലക്കുടിയിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റതും കുടുംബ സ്വത്തായി ലഭിച്ച 65 ലക്ഷം രൂപയും ഫ്‌ളാറ്റ് വാങ്ങാനായി ചാലക്കുടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയ്ക്ക് നൽകി. എന്നാൽ ഇയാൾ ഇവരെ വഞ്ചിച്ചു. സ്ഥാപനം ബാദ്ധ്യതയിലായതോടെ ഫ്‌ളാറ്റ് നിർമ്മാണം നിലച്ചു. ഫ്‌ളാറ്റോ പണമോ ഇവർക്ക് നൽകിയില്ല. വാടക കുടിശിക കൂടിയപ്പോൾ വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. പിന്നീട് പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ഫ്‌ളാറ്റ് ഉടമയുടെ അടച്ചു പൂട്ടിയ ധനകാര്യ സ്ഥാപനത്തിൽ താമസമായി. പത്ത് വർഷമായി ഇവിടെയാണ് താമസം. സ്ഥാപന ഉടമ വൈദ്യുതി കുടിശിക വരുത്തിയതിനാൽ വർഷങ്ങളായി ഇവിടെ വൈദ്യുതിയില്ല. മന്ത്രിയുടെ സാന്ത്വന സ്പർശത്തിൽ വെളിച്ചം ലഭ്യമാകുമെന്ന സന്തോഷത്തിലാണ് ഈ അമ്മയും മകളും. വാർദ്ധക്യകാല പെൻഷൻ മാത്രമാണ് ഇവരുടെ ഏക വരുമാനം.