
മാള: വട്ടം ചവിട്ടി നിന്ന് ഫയലിലെ ജീവിതങ്ങൾ കാണാതിരുന്നവർക്ക് താക്കീതായി ജില്ലയിൽ സാന്ത്വന സ്പർശം അദാലത്ത്. പല വകുപ്പിലും ഉദ്യോഗസ്ഥർ കാണിച്ച അനാസ്ഥയാണ് അദാലത്തിൽ വെളിച്ചത്തായത്. മന്ത്രിമാർ നേരിട്ട് പങ്കെടുത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഫലയുകളിൽ തീർപ്പാക്കിയത്. ഫലയുകൾ അനാവശ്യമായി വച്ചുതാമസിപ്പിച്ചതിന് പല കേസിലും ഉദ്യോഗസ്ഥരെ ശകാരിച്ചു. ചില സംഭവങ്ങളിൽ മന്ത്രിമാർ ഉടനെ റിപ്പോർട്ട് ആവശ്യപ്പെടുകയും നഷ്ടപരിഹാരം നിർദ്ദേശിക്കുകയും ചെയ്തു.
കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ വില്ലേജിൽ പൂപ്പത്തിയിൽ 12 വർഷമായി ഒമ്പത് കുടുംബങ്ങൾ പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഇല്ലാത്തതും അദാലത്തിലെത്തി. മന്ത്രി വി.എസ്. സുനിൽകുമാറും അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയും ഈ പരാതി കേട്ടു. 2008 ഡിസംബർ 22 നാണ് ഒമ്പത് സെന്റ് പണ്ടാരവക സ്ഥലത്തിന് വീതം പട്ടയത്തിനായി അപേക്ഷിച്ചത്. സെക്രട്ടറിയേറ്റ് മുതൽ പഞ്ചായത്ത് വരെ അപേക്ഷയും ഫയലും പലതവണ സഞ്ചരിച്ചു. ഇതുസംബന്ധിച്ച് കേരളകൗമുദി വാർത്തയും പ്രസിദ്ധീകരിച്ചു. അദാലത്തിൽ മന്ത്രി തഹസിൽദാറെ വിളിച്ചുവരുത്തി പട്ടയത്തിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു.
അതിരപ്പിള്ളിയിൽ പ്രവർത്തിക്കുന്ന കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ റിസോർട്ടിനോടനുബന്ധിച്ച് ജീവനക്കാരുടെ താമസത്തിനുള്ള കെട്ടിടത്തിന് നമ്പർ നൽകാൻ വിസമ്മതിച്ച എൻജിനീയറുടെ നടപടിയെ മന്ത്രി എ.സി. മൊയ്തീൻ വിമർശിച്ചു. അനാവശ്യ തടസ വാദം നിരത്തി സംരംഭകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും വേഗത്തിൽ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. പഞ്ചായത്തിൽ പ്ലാൻ സമർപ്പിച്ച് അനുമതി നേടി കെട്ടിടം നിർമ്മിച്ച ശേഷം ഒന്നര വർഷമായി എൻജിനീയറുടെ റിപ്പോർട്ടിനായി ഓഫീസിൽ കയറിയിറങ്ങിയിട്ടും അനുകൂല നടപടി ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ മുൻ ഭാഗം റോഡിൽ നിന്ന് മൂന്ന് മീറ്റർ നീക്കിയിട്ടാണ് നിർമ്മിച്ചത്. എന്നാൽ പിൻഭാഗത്ത് രേഖയിലില്ലാത്ത തോടിൽ നിന്ന് മൂന്ന് മീറ്റർ വിട്ടിട്ടില്ലെന്നും മുന്നിലെ വാതിൽ മാത്രം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എൻജിനീയർ സ്വീകരിച്ചത്. കളക്ടർ എൻജിനീയറുടെ നടപടിയിൽ വിമർശനം ഉന്നയിക്കുകയും സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു. മൂന്ന് ദിവസത്തെ അദാലത്തിൽ പതിനായിരത്തോളം പരാതികളാണ് പരിഹരിച്ചത്. ഒരു കോടിയോളം രൂപയാണ് വിവിധ പദ്ധതികളിലായി വിതരണം ചെയ്തത്.