ramachandran


തൃശൂർ : വിദഗ്ദ്ധ സമിതി റിപ്പോർട്ട് അനുകൂലമായാൽ മാത്രമേ ഉത്സവ പറമ്പുകളിലെ തലയെടുപ്പ് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനാകൂ. ഇന്നലെ ചേർന്ന നാട്ടാന പരിപാല യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ എഴുന്നള്ളിപ്പിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങൾ പാലിക്കുന്നതിനൊപ്പം ആനയെ പരിശോധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.

രാമചന്ദ്രനെ എഴുന്നള്ളിപ്പിന് അനുവദിക്കണം എന്ന ആവശ്യം ഉപാധികളോടെ പരിഗണിക്കാമെന്ന് കളക്ടറും അറിയിച്ചു. ആനയെ സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച ശേഷം തൃപ്തികരമെങ്കിൽ എഴുന്നള്ളിപ്പിന് അനുമതി നൽകും. ജീവനക്കാരുടെ ഉപജീവനം കണക്കിലെടുത്ത് അമിത നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് സംഘടനാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപെട്ടിരുന്നു. ജനക്കൂട്ടം ഒഴിവാക്കി ഉത്സവം നടത്തുന്നത് സംബന്ധിച്ച് ആന ഉടമകൾ, ആന തൊഴിലാളികൾ, ഫോറസ്റ്റ്, അനിമൽ വെൽഫെയർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ദുരിതാശ്വാസ വിഭാഗം ഡെപ്യൂട്ടി കളക്ടർ പ്രദീപ് പി.എ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസർ പി.എം. പ്രഭു, അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി, ഡോ. എം. എൽ ജയചന്ദ്രൻ, ആന ഉടമ പ്രതിനിധി കെ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് വിലക്കിലായിരുന്നു.


പരിശോധനാ സമിതി അംഗങ്ങൾ

ചീഫ് വെറ്ററിനറി ഓഫീസർ ഉഷാറാണി
കൊക്കാലെ വെറ്ററിനറി ആശുപത്രി സൂപ്രണ്ട് ഡോ. ശ്യാം വേണുഗോപാൽ
ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഡേവിഡ്


പ്രധാന നിർദ്ദേശങ്ങൾ

ആളുകളിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധി

ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പ് വരുത്തണം

കൂടുതൽ ആനകൾ പിന്നീട്

വിവിധ ഇടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കുന്നത് അപകടകരമാണെന്ന് കളക്ടർ എസ്. ഷാനവാസ്. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളിൽ മൂന്ന് ആനകൾക്കും പുറത്ത് ഒരു ആനയ്ക്കുമാണ് നിലവിൽ അനുമതി. രണ്ടാഴ്ച്ച വരെ ഈ നിയന്ത്രണം തുടരും. തുടർന്ന് യോഗം ചേർന്ന് തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ സഥിതിഗതികൾ വിലയിരുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭു പറഞ്ഞു.