
തൃശൂർ : മെഡിക്കൽ കോളേജിൽ ത്വക് രോഗ വിഭാഗത്തിനോടനുബന്ധിച്ച് ഈസ്തറ്റിക് ഡെർമറ്റോളജി സ്യൂട് പ്രവർത്തനക്ഷമമാകുന്നു. പി.ജി കോഴ്‌സുകൾ നടത്തുന്ന വിഭാഗങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്ര ഗവൺമെന്റ് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതിനാവശ്യമായ ഉപകരണങ്ങൾ പല വർഷങ്ങളായി സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് സ്വരൂപിച്ചതാണ്.
925.36 ചതുരശ്ര അടി വിസ്തീർണ്ണം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജി 1, ജി 2, ജി 3 ബ്ലോക്കിന്റെ രണ്ടാം നിലയിൽ 925.36 ചതുരശ്ര അടിയിലാണ് ഡെർമറ്റോളജി ഈസ്തറ്റിക് സ്യൂട് തയ്യാറാക്കിയിരിക്കുന്നത്. ഓപറേഷൻ തിയേറ്റർ സമുച്ചയത്തിന് മുന്നിലുള്ള കാത്തിരിപ്പ് സ്ഥലത്തു നിന്ന് ഒരു ഇടനാഴി വഴി ഇവിടേക്ക് പ്രവേശനം ഒരുക്കിയിരിക്കുന്നു. സ്വീകരണമുറി, പരിശോധനാമുറി, മൂന്നു ചികിത്സാ മുറികൾ, ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും വേഷം മാറാനായി പ്രത്യേക മുറികൾ, ടോയ്‌ലറ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ചികിത്സാ മുറികളിൽ ആധുനിക രീതിയിലുള്ള പ്രകാശ സംവിധാനം, ആവശ്യത്തിനുള്ള സ്റ്റോറേജ് സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ചികിത്സാ സൗകര്യങ്ങൾ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നിറഭേദങ്ങൾ, മുറിപ്പാടുകൾ, മറ്റു കലകൾ, മറുകുകൾ തുടങ്ങി വൈരൂപ്യം ഉണ്ടാക്കുന്ന വിവിധ രോഗങ്ങൾക്ക് ആധുനിക ചികിത്സാ രീതികളായ ലേസർ, കെമിക്കൽ പീലിംഗ്, മൈക്രോ ഡെർമാബ്രേഷൻ തുടങ്ങിയവ ഉപയോഗിച്ച് പരിഹാരം നൽകാൻ ഇവിടെ സംവിധാനമുണ്ട്. സ്വകാര്യമേഖലയിൽ ഏറെ പണച്ചെലവുള്ള ഇത്തരം ചികിത്സാ രീതികൾ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.
495 പേർക്ക് കൊവിഡ്
തൃശൂർ: 495 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 494 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,480 ആണ്. തൃശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 89,841 ആണ്. 84,754 പേരാണ് ആകെ രോഗമുക്തരായത്. ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 485 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.