പാവറട്ടി: തോളൂർ പഞ്ചായത്തിലെ പല വീടുകളിലേക്കും ആരോഗ്യ പ്രവർത്തകർ എന്ന വ്യാജേന ഫോണിൽ വിളിച്ച് വിവരം ശേഖരിക്കുന്നതായി പരാതി. കൂടുതലും സ്ത്രീകൾ മാത്രമുള്ള വീടുകളിലേക്ക് വിളിച്ചാണ് ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരം ചോദിച്ചറിയുന്നത്. ലാൻഡ് ഫോണിലേക്ക് വിളിക്കുന്നതിനാൽ വിളിച്ച നമ്പർ മനസിലാക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
കൊവിഡ് കാലമായതിനാൽ വീടുകളിൽ നേരിട്ടെത്തുന്നതിന് തടസമുണ്ടെന്ന വാദമാണ് ഇത്തരക്കാർ ഉന്നയിക്കുന്നത്. ആറ് മാസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിവരശേഖരണം നടന്നിരുന്നതായി പറയപ്പെടുന്നു. ആരോഗ്യ വകുപ്പിൽ നിന്നും ഫോണിൽ വിളിച്ച് വിവര ശേഖരണത്തിനായി ആരെയും നിയോഗിച്ചിട്ടില്ലെന്നും ഇത്തരംം തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
തോളൂർ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, നഴ്‌സ്, എച്ച്.ഐമാർ, ആശാ പ്രവർത്തകർ, ആർ.ആർ.പി അംഗങ്ങൾ എന്നിവർ ഓരോരുത്തരും പരിശോധനാ സമയത്ത് നൽകിയ നമ്പറിൽ മാത്രമേ വിളിക്കുകയുള്ളൂവെന്നും ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. മനോജ് അറിയിച്ചു.