
പാവറട്ടി: ഇസ്രയേലിന്റെ ദേശീയപക്ഷി 'ഉപ്പൂപ്പാ' തൃശൂരിലും വിരുന്നെത്തി. തൃശൂർ കോൾ പാടത്തെ കനാൽ ബണ്ടുകളിലാണ് ഇവയെത്തിയത്. സഹാറ, ആഫ്രിക്ക, മഡഗാസ്കർ എന്നിവിടങ്ങളിൽ കണ്ടു വരുന്ന പക്ഷിയാണിത്. ഇന്ത്യയിലെ രാജസ്ഥാൻ, തമിഴ്നാട് തുടങ്ങി ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടകേന്ദ്രം.
കോൾപ്പാടങ്ങളിൽ ഇവയെ കാണുന്നത് അപൂർവമാണെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. അതിനാൽ കാലാവസ്ഥാ വ്യതിയാനത്തെയാണ് പക്ഷികളുടെ സാമീപ്യം സൂചിപ്പിക്കുന്നത്. അറബ് രാജ്യങ്ങളിലും സോളമൻ രാജാവിന്റെ സ്നേഹിതനായും പുരാതന കഥകളിലും ഉപ്പൂപ്പന് വലിയ സ്ഥാനമുണ്ട്. പുരാതന ഈജിപ്തിൽ ഉപ്പൂപ്പനെ ഒരു വിശുദ്ധ പക്ഷിയായാണ് കണ്ടിരുന്നത്. മറ്റു പല രാജ്യങ്ങളിൽ ഇവ മരണ പക്ഷിയെന്നും അറിയപ്പെടാറുണ്ട്. ഇതിന്റെ കരയുന്ന ശബ്ദവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്.
കറുപ്പും വെളുപ്പും നിറഞ്ഞ സീബ്രാ വരകൾ പോലുള്ള ചിറകുകൾ, വളഞ്ഞു നീണ്ട കൊക്കുകൾ, ഒപ്പം മടക്കാനും നിവർത്താനും കഴിയുന്ന തലയിലെ കിരീടം, തൂവലുകൾ കൊണ്ടുള്ള ശിഖ എന്നിവ ഉപ്പൂപ്പന് സൗന്ദര്യം നൽകുന്നു. കാവി നിറത്തോടു കൂടിയുള്ള ശിഖയ്ക്ക് മുകളിൽ കറുപ്പും വെളുപ്പും നിറത്തിലുള്ള പുള്ളികളുണ്ട്. ശിഖ നിവർത്തുന്നത് അപൂർവ്വമാണ്.
മണ്ണിൽ നടന്നുകൊണ്ട് ഭക്ഷണം തേടുന്ന ഉപ്പൂപ്പയ്ക്ക് ചെറിയ പ്രാണികളും ജീവികളും കായകളുമാണ് പ്രിയം. മരപ്പൊത്തുകളിലാണ് ഇവ കൂടുകൂട്ടാറ്. മുട്ടയിട്ടു കഴിഞ്ഞാൽ പെൺ പക്ഷി പുറത്തിറങ്ങാറില്ല. ശരീരത്തിൽ നിന്നും ദുർഗന്ധം പരത്തിയാണ് ഇവ ശത്രുക്കളിൽ നിന്നും രക്ഷ നേടുക. വേഴാമ്പലിനോട് സാമ്യമുള്ളതായാണ് ഇവയുടെ ജീവിത ശൈലി.
സഹകരണനിക്ഷേപ സമാഹരണ യജ്ഞം മാർച്ച് 31 വരെ :
സമാഹരണ ലക്ഷ്യം 550 കോടി
തൃശൂർ: സംസ്ഥാന സഹകരണ വകുപ്പിന്റെ 41ാമത് നിക്ഷേപ സമാഹരണ യജ്ഞം മാർച്ച് 31 വരെ നടത്തും. ഇതിന്റെ ഭാഗമായി സഹകരണ പ്രസ്ഥാനത്തിന്റെ ഉന്നമനത്തിനായി നിക്ഷേപ സമാഹരണ, അംഗത്വ കാമ്പയിനുകൾ നടത്തും. സഹകരണ മേഖലയിലെ നിക്ഷേപ തോത് വർദ്ധിപ്പിക്കുക, യുവതലമുറയെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുക, കേരളത്തിന്റെ വികസനത്തിന് കരുത്തേകുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യങ്ങൾ. കേരള ബാങ്ക് ഉൾപ്പെടെ 550 കോടിയാണ് ജില്ലയുടെ സമാഹരണ ലക്ഷ്യം.
യുവജനങ്ങളെ കൂടുതലായി സഹകരണ സംഘങ്ങളിൽ അംഗങ്ങളാകാൻ സംഘം തല അംഗത്വ കാമ്പയിൻ സംഘടിപ്പിക്കും. സംഘം തല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഭവന സന്ദർശനവും നടത്തും. നിക്ഷേപം സ്വരൂപിക്കുക, ചെറുകിട ഹ്രസ്വകാല നിക്ഷേപം പരമാവധി സമാഹരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കും. ഓരോ പ്രാഥമിക ബാങ്കുകളുടെയും പ്രവർത്തന പരിധിയിലുള്ള വിദ്യാലയങ്ങൾ, ഭവനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നിക്ഷേപം സമാഹരിക്കുന്നതിനും യഞ്ജത്തിലൂടെ പദ്ധതിയിടുന്നു. വാർഡ് തല നിക്ഷേപ സദസുകൾ സംഘടിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകുന്ന സാഹചര്യത്തിൽ അവരെ നേരിൽ കണ്ടു നിക്ഷേപം സ്വീകരിക്കുന്നതിനു ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്യും. ജോയിന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ആണ് കാമ്പയിന്റെ ജില്ലാതല നോഡൽ ഓഫീസർ.