ചാലക്കുടി: നിയോജക മണ്ഡലത്തിൽ അഞ്ചു വർഷത്തിനിടെ 287 കിലോമീറ്റർ റോഡ് നവീകരിച്ച എൽ.ഡി.എഫ് സർക്കാർ ചരിത്ര നേട്ടമാണ് കൈവരിച്ചതെന്ന് ബി.ഡി. ദേവസി എം.എൽ.എ. മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയാക്കിയ പത്തു പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു എം.എൽ.എ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആകെ മണ്ഡലത്തിൽ 11 കിലോ മീറ്റർ റോഡാണ് നിർമ്മിച്ചത്. റോഡുകൾക്കു പുറമെ നിരവധി പാലങ്ങളും കഴിഞ്ഞ അഞ്ചു വർഷത്തിനകം പൂർത്തീകരിച്ചു. പലറോഡുകളും പാലങ്ങളും പൂർത്തീകരണ ഘട്ടത്തിലുമാണ്. ഇതെല്ലാം ഗതാഗത പ്രശ്‌നത്തിന് കാതലായ പരിഹാരമാണ് ഉണ്ടാകുന്നതെന്നും ബി.ഡി. ദേവസി എം.എൽ.എ തുടർന്നു പറഞ്ഞു.

പൊതു മരാമത്ത് വിശ്രമ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ശിലാഫലകം എം.എൽ.എ അനാവരണം ചെയ്തു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, സൂപ്രണ്ടിംഗ് എൻജിനിയർ കെ.ടി. ബിന്ദു എന്നിവർ പ്രസംഗിച്ചു. റോഡുകൾ സ്ഥിതി ചെയ്യുന്ന കോടശേരി, കൊരട്ടി, മേലൂർ, കൊടകര എന്നീ പഞ്ചായത്തുകളിലും ചടങ്ങുകൾ നടന്നു. പ്രസിഡന്റുമാരായ ഡെന്നി വർഗീസ്, പി.സി. ബിജു, എം.എസ്. സുനിത, അമ്പിളി സോമൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.