ചാലക്കുടി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ചാലക്കുടിയിൽ വൻ സ്വീകരണം നൽകാൻ ചാലക്കുടി പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സംയുക്ത യോഗം തീരുമാനിച്ചു. നോർത്ത് ബസ് സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 5 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എട്ടു മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജാഥയായി നഗരം ചുറ്റി സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേരും. ചാലക്കുടി ടൗൺ ഹാൾ മൈതാനിയിൽ നടക്കുന്ന ജില്ലാതല സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫിലെ നേതാക്കൾ പങ്കെടുക്കും. ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എബി ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്വാഗതസംഘം യോഗം മുൻസിപ്പൽ ചെയർമാൻ വി.ഒ പൈലപ്പൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സി.ജി ബാലചന്ദ്രൻ, ജയിംസ് പോൾ, പി.കെ ജേക്കബ്, പി.കെ ഭാസി, ടി.എ ആന്റോ, ഒ.എസ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.