
തൃശൂർ: തൃശൂർ പൂരം സംബന്ധിച്ചു പ്രാഥമിക ചർച്ച ഇന്ന് കളക്ടറുടെ സാന്നിധ്യത്തിൽ നടക്കും.മന്ത്രി വി. എസ്. സുനിൽ കുമാർ, ദേവസ്വം ഭാരവാഹികൾ, പൊലീസ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് യോഗം. ഇതിനു ശേഷം തിരുവനന്തപുരത്തും യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂരം ചടങ്ങിൽ ഒതുക്കിയിരുന്നു. ഘടക പൂരങ്ങൾ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഒരാനയുമായി തങ്ങളുടെ ചടങ്ങുകൾ പൂർത്തിയാക്കുക ആയിരുന്നു. പൂരം പ്രദർശനവും ഉപേക്ഷിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ പൂരം പ്രദർശനം ഉണ്ടാകാനുള്ള സാഹചര്യം വളരെ കുറവാണ്. ജില്ലയിൽ ഇപ്പോഴും കൊവിഡിന്റെ എണ്ണം കാര്യമായി കുറക്കാൻ സാധിച്ചിട്ടില്ല. മിക്കവാറും ദിവസങ്ങളിൽ 350 നും 600 നും ഇടയിലാണ് രോഗികളുടെ എണ്ണം. പൂരം പ്രദർശനം ഉണ്ടായാൽ ദിവസവും പതിനായിരക്കണക്കിന് പേരാണ് എത്തി ചേരാൻ സാധ്യത. അതു കൊണ്ട് ഇത്തവണയും പൂരം ചടങ്ങുകളിൽ ഒതുക്കാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ തവണ തിരുവമ്പാടി, പാറമേക്കാവ് ദിവസങ്ങൾ മാത്രമായിരുന്നു പങ്കെടുത്തത്തെങ്കിൽ ഇത്തവണ ഘടക പൂരങ്ങൾ കൂടി പങ്കെടുത്തേക്കും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു ഒരാനയെ മാത്രം അനുവദിച്ചു കൊണ്ടും ഒപ്പം വരുന്നവരുടെ ആളുകളുടെ എണ്ണം നിയന്ത്രിച്ചും ചടങ്ങ് പൂർത്തിയാക്കുക എന്നതായിരിക്കും നിർദ്ദേശമെന്നു അറിയുന്നു.പാറമേക്കാവ്, തിരുവമ്പാടി എന്നിവർക്ക് പുറമെ 8 ഘടക പൂരങ്ങൾ കൂടി എത്തിയാലേ പൂരം പൂർണമാകു. ജില്ലയിൽ മറ്റു പൂരങ്ങൾക്ക് എല്ലാം പരമാവധി മൂന്നു ആനകളെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.കൂടുതൽ ആനകളെ അനുവദിക്കുന്നത് സംബന്ധിച്ചു നിലവിൽ സാധ്യമല്ലെന്നു ഇന്നലെ ചേർന്ന നട്ടാന പരിപാലന യോഗത്തിൽ അറിയിച്ചിരുന്നു. രണ്ടാഴ്ച്ചക്ക് ശേഷം കൂടുതൽ ആനകളെ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് കളക്ടർ അറിയിച്ചത്. ഈ മാസം അവസാനം നടക്കുന്ന ഉത്രാളി പൂരം ചടങ്ങിൽ ഒതുക്കിയിട്ടുണ്ട്. ആചാര പെരുമ നിറഞ്ഞ മച്ചാട് മാമാങ്കവും നിബന്ധനകൾക്ക് അനുസരിച്ചു ആൾക്കൂട്ടം ഒഴിവാക്കി നടത്താനാണ് തീരുമാനം. ആറാട്ടുപുഴ, കൂടൽ മാണിക്യം ഉത്സവം എന്നിവയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.