ചാലക്കുടി: കിഫ്ബി ഫണ്ട് ഉപയോഗിച്ച് 477 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നത് മണ്ഡലത്തിലെ അടിസ്ഥാന മേഖലയ്ക്ക് മുതൽക്കൂട്ടായെന്ന് ബി.ഡി. ദേവസി എം.എൽ.എ. കൊരട്ടി പഞ്ചായത്ത് എൽ.പി സ്‌കൂളിനുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങൾ ഇന്നു സ്വകാര്യ മേഖലയെ കിടപിടിക്കും വിധം വളർന്നു കഴിഞ്ഞു. പുതുതായി നിരവധി വിദ്യാർത്ഥികളാണ് പൊതു വിദ്യാലയം തേടിയെത്തുന്നതെന്നും ബി.ഡി. ദേവസി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. മന്ത്രി തോമസ് ഐസക് ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ അങ്കണത്തിലെ ചടങ്ങുകൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. കെ.ആർ. സുമേഷ്, നൈജു റിച്ചു, കുമാരി ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, അസിസ്റ്റന്റ് എൻജിനിയർ രോഹിത് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.