pooram

തൃശൂർ: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ചടങ്ങ് നടത്താൻ മന്ത്രിതലയോഗത്തിൽ പ്രാഥമിക ധാരണയായതോടെ, ആനത്തൊഴിലാളികളും വാദ്യമേളക്കാരും മുതൽ ദേവസ്വങ്ങളും വൻകിട കച്ചവടക്കാരും അടക്കമുളള പതിനായിരങ്ങൾക്ക് പ്രതീക്ഷയുടെ വെളളിവെളിച്ചം.

കഴിഞ്ഞ മാർച്ച് മുതൽ കൊവിഡ് വ്യാപനം കാരണം വാദ്യകലാകാരൻമാർ പ്രതിസന്ധിയിലായിരുന്നു. വിവിധ സംഘടനകൾ നൽകിയ ധനസഹായമായിരുന്നു ആശ്വാസം. പഴയപോലെ ഉത്സവങ്ങൾ നടന്നാലേ വാദ്യകലാകാരൻമാർക്ക് ജീവിതം തിരിച്ചുപിടിക്കാനാകൂ. തൃശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറിയ തോതിലെങ്കിലും നടന്നാൽ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതം പച്ചപിടിക്കാൻ വഴിയൊരുങ്ങും.

കഴിഞ്ഞ ദിവസം അമേരിക്കൻ മലയാളികൾ വാദ്യകലാകാരൻമാർക്കായി ധനസഹായം നൽകിയിരുന്നു. ഇതിനു പ്രത്യുപകാരമായി പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിൽ മേളം നടത്തിയിരുന്നു. നൂറോളം വാദ്യകലാകാരൻമാരാണ് രണ്ടു മണിക്കൂർ പാണ്ടിമേളം കൊട്ടിയത്. ചെറുകിട കച്ചവടക്കാരും കലാകാരൻമാരും ചമയങ്ങൾ ഒരുക്കുന്നവരും പന്തൽനിർമ്മാണം- വെടിക്കെട്ട് തൊഴിലാളികളും അടക്കം ആയിരക്കണക്കിനാളുകളാണ് തൃശൂർ പൂരത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂരം ചടങ്ങിൽ ഒതുക്കിയിരുന്നു. ഘടക പൂരങ്ങൾ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഒരാനയുമായി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. പൂരം പ്രദർശനവും ഉപേക്ഷിച്ചിരുന്നു.

ആശങ്കയുടെ നിഴൽ മായ്ക്കാതെ കൊവിഡ്

അതേസമയം, ജില്ലയിൽ ഇപ്പോഴും കൊവിഡ് ബാധിതർ കൂടുകയാണ്. മിക്കവാറും ദിവസങ്ങളിൽ 350 നും 600 നും ഇടയിലാണ് രോഗികൾ. പൂരം ചെറിയ രീതിയിൽ നടത്തിയാലും ജനങ്ങളെ നിയന്ത്രിക്കാൻ എളുപ്പമാവില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ കരുതുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് പുറമേ 8 ഘടക പൂരങ്ങൾ കൂടി എത്തിയാലേ പൂരം പൂർണമാകൂ. അതുകൊണ്ടു തന്നെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് എളുപ്പമാകില്ല. നിലവിൽ പൂരങ്ങൾക്ക് പരമാവധി മൂന്നു ആനകളെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കാൻ ഇപ്പോൾ സാദ്ധ്യമല്ലെന്ന് കഴിഞ്ഞദിവസം ചേർന്ന നാട്ടാന പരിപാലന യോഗത്തിൽ അറിയിച്ചിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷം കൂടുതൽ ആനകളെ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാം എന്നാണ് കളക്ടറും അറിയിച്ചത്. ഈ മാസം അവസാനം നടക്കുന്ന ഉത്രാളി പൂരവും ചടങ്ങിൽ ഒതുക്കിയിട്ടുണ്ട്. ആചാര പെരുമ നിറഞ്ഞ മച്ചാട് മാമാങ്കവും നിബന്ധനകൾക്ക് അനുസരിച്ചു ആൾക്കൂട്ടം ഒഴിവാക്കി നടത്താനാണ് തീരുമാനം. ആറാട്ടുപുഴ, കൂടൽ മാണിക്യം ഉത്സവം എന്നിവയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

മറ്റ് യോഗതീരുമാനങ്ങൾ

കൊവിഡ് കൂടിയാൽ തീരുമാനങ്ങളിൽ മാറ്റം വരുത്തും.

ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.

നടത്തിപ്പിൻ്റെ അന്തിമ തീരുമാനം മാർച്ചിൽ.

പൂരം ഒരുക്കങ്ങൾ തുടങ്ങാൻ ധാരണ