 
കൊടുങ്ങല്ലൂർ: പരമ്പരാഗത തൊഴിലാളികൾക്ക് പ്രോത്സാഹനവുമായി പുതിയ തൊഴിൽ പദ്ധതികൾ ആവിഷ്‌കരിച്ച് മുസ്‌രിസ് പൈതൃക പദ്ധതി. ഇതിന്റെ ഭാഗമായി പൈതൃക പദ്ധതിയുടെ കീഴിൽ പറവൂർ പാലിയം നടയിൽ ഒമ്പത് കട മുറികളാണ് പുനർനിർമ്മിച്ചത്. കടമുറികൾ അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യക്തികൾക്ക് നൽകും. പരമ്പരാഗത തൊഴിലുകളായ കൈത്തറി, പപ്പട നിർമ്മാണം, കൊല്ലപ്പണി, ശിൽപ നിർമ്മാണം, സ്വർണപ്പണി, കളിമൺപാത്ര നിർമ്മാണം, തഴപ്പായ നെയ്ത്ത്, മരപ്പണി, മൂശാരിപ്പണി എന്നിവയ്ക്കാണ് മുറികൾ അനുവദിച്ചിട്ടുള്ളത്.
വ്യക്തികളെ തിരഞ്ഞെടുത്തതിനു ശേഷം പരമ്പരാഗത തൊഴിലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. കടമുറികൾ നൽകുന്നതിന്റെ ഭാഗമായി പാലിയം പാലസിലുള്ള മുസ്‌രിസ് പൈതൃക പദ്ധതി ഓഫീസിൽ പ്രാരംഭ യോഗം സംഘടിപ്പിച്ചു. ലോകത്തിനു മുമ്പിൽ പരമ്പരാഗത കൈത്തൊഴിൽ മേഖലയെയും തൊഴിലാളി സമൂഹത്തെയും അനാവരണം ചെയ്യുന്ന ഒരു വേദിയായി മുസ്‌രിസ് പ്രവർത്തിക്കുകയാണെന്ന് മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു. യോഗത്തിൽ പാലിയം ട്രസ്റ്റ് മാനേജർ ശ്രീകൃഷ്ണ ബാലൻ, മുസ്‌രിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർ കെ.ബി. നിമ്മി എന്നിവർ സംസാരിച്ചു.